ഉദ്യോഗസ്ഥർക്ക് വോട്ടിടാൻ വിപുലമായ ക്രമീകരണങ്ങൾ: രത്തൻ ഖേൽക്കർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെയും അവശ്യസേവന വിഭാഗങ്ങളുടെയും വോട്ടവകാശം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു.ഖേൽക്കർ അറിയിച്ചു. ഇതിനായി പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ, പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങൾ എന്നിവയിലൂടെ വോട്ടവകാശം വിനിയോഗിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പോസ്റ്റൽ ബാലറ്റുകൾ അതിവേഗം സുരക്ഷിതമായി കൈമാറുന്നതിനു സംസ്ഥാന, മേഖല, ജില്ല തലങ്ങളിൽ ക്ലിയറിംഗ് സെന്ററുകൾ സജ്ജമാക്കി. പോസ്റ്റൽ ബാലറ്റ് പ്രക്രിയ പൂർത്തിയാകുന്നത് വരെ ഈ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും. ദിവസം മൂന്നുതവണ ബാലറ്റുകളും ഫോമുകളും കൈമാറും.
ഓരോ കൈമാറ്റ സമയത്തിനുശേഷവും ജില്ലാ ക്ലിയറിംഗ് സെന്ററുകളിൽ നിന്ന് ബാലറ്റുകൾ ശേഖരിക്കാൻ റിട്ടേണിംഗ് ഓഫീസർമാർ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തണം. സംസ്ഥാനത്തുടനീളം 154 വോട്ടർ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6വരെയാണ് ഇവയുടെ പ്രവർത്തനസമയം. 8ന് വിതരണ കേന്ദ്രങ്ങളിലും വോട്ട് രേഖപ്പെടുത്താമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.