ഒളരിക്കര കിറ്റ് വിവാദത്തിൽ കേസ്
തൃശൂർ: തൃശൂർ മണ്ഡലത്തിലെ ഒളരിക്കരയിൽ ഭക്ഷ്യക്കിറ്റ് നൽകിയെന്ന പരാതിയിൽ ബി.ജെ.പി പ്രാദേശിക നേതാവ് രാധാകൃഷ്ണനെ ഒന്നാംപ്രതിയാക്കി പൊലീസ് കേസെടുത്തു. ഒളരിക്കര ശിവരാമപുരം ഉന്നതിയിലെ താമസക്കാർക്ക് കിറ്റ് നൽകിയെന്നാണ് പരാതി. സൂപ്പർമാർക്കറ്റിൽ കിറ്റിനു ഓർഡർ ചെയ്തത് രാധാകൃഷ്ണനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 900 രൂപയുടെ 28 കിറ്റുകൾ സൂപ്പർമാർക്കറ്റിൽ നിന്ന് കണ്ടെത്തി. ജനപ്രാതിനിദ്ധ്യ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ആർ.ഡി.ഒയെ വിവരമറിയിച്ചതിനെത്തുടർന്ന് ഇലക്ഷൻ ഫ്‌ളൈയിംഗ് സ്‌ക്വാഡും പൊലീസും ചേർന്ന് സൂപ്പർമാർക്കറ്റ് അടപ്പിച്ചു. ഇലക്ഷൻ എക്‌സിക്യുട്ടീവ് മജിസ്‌ടറേറ്റിന്റെ ചാർജുള്ള ഡോ. ബിന്ദുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. എൽ.ഡി.എഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ശനിയാഴ്ച എത്തിയിരുന്നു. കിറ്റ് ആരോപണം വ്യാജമാണെന്ന് തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ വ്യക്തമാക്കി.