കൃഷ്ണലാലിന്റെ ഹൃദയം അരുണിൽ തുടിക്കും

Monday 06 April 2026 12:32 AM IST

കോട്ടയം:മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ ഹൃദയം ഇനി കുമരകം കുന്നത്തുകളത്തിൽ അരുൺ ഷാജിയിൽ തുടിക്കും.കോട്ടയം മെഡിക്കൽ കോളേജിലെ പന്ത്രണ്ടാമത് ഹൃദയമാറ്റ ശസ്ത്രക്രിയ പൂർത്തിയായി.ഹൃദയവാൽവിനും,ഹൃദയത്തിനും ഗുരുതരമായ തകരാറുകൾ സംഭവിച്ച അരുണിനെ രക്ഷിക്കാൻ ഹൃദയമാറ്റ ശസ്ത്രക്രിയയായിരുന്നു ഏകപോംവഴി.

കൃഷ്ണലാലിന്റെ ഹൃദയം എയർ ആംബുലൻസിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.56 ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജിലേയ്ക്ക് റോഡ് മാർഗമാണ് കൊണ്ടുപോയത്. കാർഡിയോ തൊറാസിക് ശസ്ത്രക്രിയാ വിദഗ്ദ്ധനും,കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടുമായ ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലായിരുന്ന ശസ്ത്രക്രിയ ഇന്നലെ വൈകിട്ട് 6.15 ഓടെ പൂർത്തിയായി.

പ്രചാരണം മാറ്റിവച്ച് മന്ത്രി വാസവൻ

ഏറ്റുമാനൂർ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി വി.എൻ.വാസവൻ ഇന്നലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇടവേള നൽകി കോട്ടയം മെഡിക്കൽ കോളേജിലും പൊലീസ് പരേഡ് ഗ്രൗണ്ടിലുമായിരുന്നു.എം.സി. റോഡിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സംവിധാനങ്ങൾ ഒരുക്കിയും രോഗിയുടെ ബന്ധുക്കൾക്ക് ആശ്വാസം നൽകിയും അദ്ദേഹം ഒപ്പം നിന്നു.എയർ ആംബുലൻസ് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ലാൻഡ് ചെയ്ത നിമിഷം മുതൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റോഡ് മാർഗം എത്തിക്കാൻ വേണ്ട സംവിധാനം ഒരുക്കുന്നതിനും മുൻപന്തിയിൽ ഉണ്ടായിരുന്നു. ശസ്ത്രക്രിയ ആരംഭിച്ചശേഷമാണ് മടങ്ങിയത്.