വോട്ടിന് കിറ്റ്: ബി.ജെ.പിക്കെതിരെ യു.ഡി.എഫ് പ്രതിഷേധം

Monday 06 April 2026 12:34 AM IST

□പ്രതാപനെ അറസ്റ്റ് ചെയ്തുനീക്കി

തൃശൂർ/വാടാനപ്പിള്ളി: വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി കിറ്റ് നൽകിയെന്ന് ആരോപിച്ചുള്ള യു.ഡി.എഫ് പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധത്തിന് നേതൃത്വം നൽകിയ മണലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപനെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

വാടാനപ്പിള്ളിയിലെ ചാമ്പ്യൻ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ കിറ്റ് വിതരണം നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് രാവിലെ പതിനൊന്നോടെയാണ് യു.ഡി.എഫ്, എൽ.ഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ അഞ്ച് മണിക്കൂറോളം നാടകീയ രംഗങ്ങൾ അരങ്ങേറി.

ഗോഡൗണിന്റെ ഗേറ്റ് തകർത്ത് ഉള്ളിലേക്ക് തള്ളിക്കയറിയ യു.ഡി.എഫ് പ്രവർത്തകർ ഗോഡൗണിന് ചേർന്നുള്ള ഉടമയുടെ വീട്ടിലെത്തിയ ബി.ജെ.പി നേതാവ് നടൻ ദേവൻ അടക്കമുള്ളവരെ തടഞ്ഞു വച്ചു. പ്രതിഷേധം ശക്തമായതോടെ വീടിന്റെ ബാൽക്കണിയിലെത്തി ദേവൻ മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി - കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ നിലയുറപ്പിച്ചതോടെ മുദ്രാവാക്യം വിളികളും വാക്കേറ്റവുമായി സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതാപന് നേരെ കെെയേറ്റവുമുണ്ടായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.രവീന്ദ്രനാഥും സ്ഥലത്തെത്തി.

കേന്ദ്രസേനയും ഇലക്ഷൻ ഫ്‌ളൈയിംഗ് സ്‌ക്വാഡുമെത്തിയിരുന്നു. നാലായിരത്തോളം കിറ്റുകളുണ്ടെന്നായിരുന്നു ആരോപണം. പിടിച്ചെടുത്ത കിറ്റുകൾ ഫ്‌ളയിംഗ് സ്വകാഡ് സീൽ ചെയ്തു. ഗോഡൗൺ ഉടമ പ്രവീൺ ജിത്തിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. സി.സി.ടിവിയിൽ ദേവനും നേതാക്കളും ഗോഡൗണിൽ കയറുന്ന ദൃശ്യങ്ങളില്ലെന്നും ദേവനെ കസ്റ്റഡിയിലെടുക്കാനാവില്ലെന്നും പൊലീസ് അറിയിച്ചു.

ഷെഡ്യൂൾ ചെയ്ത പ്രകാരമാണ് പ്രചാരണത്തിനായി അവിടെയെത്തിയത്. കോൺഗ്രസ് പ്രവർത്തകർ എന്നെ പിന്തുടരുകയായിരുന്നു.

-ദേവൻ

കിറ്റ് നൽകിയവർ ഇപ്പോഴും പുറത്താണ്. പ്രശ്‌നം ചൂണ്ടിക്കാട്ടിയവരെ അകത്താക്കുന്നു.

-ടി.എൻ.പ്രതാപൻ