പാർട്ടിയിൽ തെറ്റുതിരുത്തൽ അനിവാര്യം : എം.എ.ബേബി
തിരുവനന്തപുരം: പാർട്ടിയിൽ തെറ്റു തിരുത്തൽ പ്രക്രിയ അനിവാര്യമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അത്തരം ചർച്ചകളിലേക്കു കടക്കുമെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി.പാർട്ടി എന്തെങ്കിലും തിരുത്തേണ്ടതുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ടെന്നാണ് അഭിപ്രായം. തെറ്റ് തിരുത്തൽ പ്രക്രിയ തുടരേണ്ടതുണ്ടെന്ന് പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു . സി.പി.എമ്മിലെ ചില മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു കോൺഗ്രസ് ചേരിയിൽ സ്ഥാനാർത്ഥികളായത് തെറ്റു തിരുത്തൽ പ്രക്രിയയിലേക്ക് ഉടൻ കടക്കേണ്ടതുണ്ടെന്ന സൂചനയാണ് നൽകുന്നത്. തെറ്റു തിരുത്തൽ പ്രക്രിയയുടെ ഭാഗമായി നടപടികളുണ്ടാകും. ജി. സുധാകരനും പി.കെ.ശശിയും ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പാർട്ടി വിട്ട് എതിർ ചേരിയിൽ സ്ഥാനാർത്ഥികളായത് ഒരു തരത്തിലുള്ള വെല്ലുവിളിയുമല്ല. ജി. സുധാകരൻ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു പോയത് അദ്ദേഹത്തിന്റെ വലിയ തകർച്ചയെയാണ് കാണിക്കുന്നത്. തൊഴിലാളികളടക്കം വിശ്വസിച്ച ജനസഞ്ചയത്തോട് കാട്ടുന്ന വിശ്വാസമില്ലായ്മയല്ലേ ഇത്. മുൻപു കണ്ണൂരിൽ എം.വി. രാഘവനും പാട്യം രാജനും ആലപ്പുഴയിൽ കെ.ആർ. ഗൗരിയമ്മയുടെ അടക്കമുള്ള വലിയ നേതാക്കൾ പാർട്ടി വിട്ടപ്പോഴും പ്രതിസന്ധി നേരിട്ടെങ്കിലും പാർട്ടിയെ കാര്യമായി ബാധിച്ചില്ല. അവസാന കാലത്ത് ഇവരെല്ലാം പാർട്ടിയുടെ ഭാഗമായിരുന്നുവെന്ന കാര്യം ഇപ്പോൾ വിട്ടു പോയവർ ഓർത്താൽ നന്ന്. പാർട്ടി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയാത്തവർ വിട്ടുപോകുമ്പോൾ പാർട്ടി രക്ഷപ്പെടുന്ന സാഹചര്യമുണ്ടെന്നും ബേബി പറഞ്ഞു.