പിണറായി കേരളത്തിന്റെ നരേന്ദ്രമോദി: ഖാർഗെ
പീരുമേട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇടതിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് കോൺഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.കേരളത്തിൽ ഇടത്പക്ഷവും ബി.ജെ.പിയും കോൺഗ്രസിനെ ആക്രമിക്കുന്നതിൽ ധാരണയിലാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.പീരുമേട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സിറിയക് തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി ഏലപ്പാറയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത്പക്ഷം ഇന്ന് ശരിയായ ദിശയിലല്ലെന്നും എല്ലാ അധികാരങ്ങളും അവരുടെ കൈയ്യിൽ വരുത്താനാണ് ശ്രമം.പിണറായി കേരളത്തിന്റെ നരേന്ദ്ര മോദിയാണ്.ബി.ജെ.പിയും ആർ.എസ്.എസും രാജ്യത്തെ വർഗീയമായി വിഭജിക്കുകയാണ്.എഫ്.സി.ആർ.എ നിയമഭേദഗതിയിലൂടെ ബി.ജെ.പി രാജ്യത്തെ ന്യൂനപക്ഷത്തെ ഉപദ്രവിക്കുകയാണ്.ബി.ജെ.പിയെ പോലെ സി.പി.എമ്മും അജണ്ട നടപ്പാക്കുകയാണെന്നത് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമുണ്ട്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ബി.ജെ.പിക്ക് ഒരു സീറ്റ് പൊലും കേരളത്തിൽ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.