സോഷ്യൽ മീഡിയ നിരീക്ഷിക്കാൻ  ഇനി മെറ്റയുടെ  എലൈറ്ര്  ടീം

Monday 06 April 2026 2:46 AM IST

തിരുവനന്തപുരം:സമൂഹമാദ്ധ്യമങ്ങളിൽ ഉപയോക്താക്കളെ കൂടുതൽ സമയം പിടിച്ചിരുത്താൻ എ.ഐ ഗവേഷകരുടെ ഒരു സംഘത്തെ രൂപീകരിച്ച് മെറ്റ. എം.ആർ.എസ് റിസർച്ച് എന്ന് പേരിട്ടിരിക്കുന ഈ എലൈറ്റ് ടീം ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും പോലുള്ള സമൂഹമാദ്ധ്യമങ്ങളിലെ ഓരോ ഉപയോക്താവിന്റെയും താല്പര്യങ്ങൾ നിരീക്ഷിച്ച് അഭിരുചികൾക്കനുസരിച്ച് കണ്ടന്റുകൾ അവരുടെ ഫീഡുകളിൽ എത്തിക്കും.ടിക് ടോക് മുൻ എക്സിക്യൂട്ടീവ് യാങ് സോങ്ങാണ് എം.ആർ.എസ് റിസർച്ച് ടീം തലവൻ.

സമൂഹമാദ്ധ്യമത്തിലെ ഇടപെടലുകൾ പരമാവധി വർദ്ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.ഇഷ്ടപ്പെട്ട വീഡിയോകളുംപോസ്റ്റുകളും ഫീഡിലെത്തുന്നതോടെ ഉപഭോക്താക്കൾ കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കും.കൂടാത പരസ്യ വിഭാഗവുമായി ചേർന്നും എം.ആർ.എസ് റിസർച്ച് പ്രവർത്തിക്കുന്നുണ്ട്.ഉപയോക്താവ് വാങ്ങാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങൾ മാത്രം അവർക്ക് മുന്നിലെത്തിച്ച് പരസ്യങ്ങളുടെ വരുമാനം കൂട്ടുകയാണ് മറ്റൊരു ലക്ഷ്യം.ഓപ്പൺ എ.ഐ, ഗൂഗിൾ, ആമസോൺ തുടങ്ങിവയിലെ പ്രഗത്ഭ ഗവേഷകരെ ടീമിലെത്തിച്ച് സമൂഹമാദ്ധ്യമം വ്യക്തിഗതമാക്കുകയാണ് മെറ്റയുടെ പദ്ധതി.

അതേസമയം മെറ്റ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുകയാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ പുതിയ എ.ഐ മുന്നേറ്റം.എ.ഐ ഏജന്റുകൾ വരുന്നതോടെ മനുഷ്യ അധ്വാനം കുറയ്ക്കാനാണ് കമ്പനിയുടെ നീക്കമെന്ന് വിദഗ്ധരുടെ വിലയിരുത്തൽ.