കൊട്ടാരക്കരയെ കുലുക്കി ഖാർഗെ ആവേശം
കൊല്ലം: വൈകിട്ട് മൂന്നോടെ തന്നെ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും കൊട്ടാരക്കര അമ്പലക്കര ഗ്രൗണ്ടിൽ പ്രത്യേകമായി സജ്ജമാക്കിയ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം വേദിയിലേക്കെത്തിത്തുടങ്ങിയിരുന്നു. അതികഠിനമായ ചൂട് കാരണം പലരും തുടക്കത്തിൽ നിരത്തിയിട്ട കസേരകളിൽ ഇടം പിടിക്കാതെ തണലുള്ള ഇടങ്ങളിലേക്ക് മാറി തങ്ങളുടെ പ്രിയപ്പെട്ട നേതാവിനായി കാത്തിരുന്നു. നാലോടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ആരംഭിച്ചു. നമ്മൾ കാത്തിരിക്കുന്ന നേതാവ് ഏതാനും നിമിഷത്തിനുള്ളിൽ എത്തിച്ചേരും എന്ന് അറിയിച്ചതോടെ പ്രവർത്തകർ ആവേശത്തിലായി. അപ്പോഴേക്കും വെയിലിനെ അവഗണിച്ച് ഗ്രൗണ്ട് ജനങ്ങളാൽ നിറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വാഹനം സമ്മേളന നഗരിയുടെ കവാടത്തിലെത്തിയപ്പോൾ തന്നെ അന്തരീക്ഷം മുദ്രാവാക്യം വിളികളാൽ മുഖരിതമായി. കേരളത്തിന്റെ തനതായ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് നേതാവിനെ വേദിയിലേക്ക് ആനയിച്ചത്. താളമേളങ്ങൾ നിറുത്താതെ മുഴങ്ങിയതോടെ പ്രവർത്തകർ ആവേശത്തിന്റെ കൊടുമുടിയിലായി. വൃദ്ധരും യുവാക്കളും സ്ത്രീകളുമടങ്ങുന്ന വൻ ജനസഞ്ചയം ഖാർഗെയെ ഒരുനോക്ക് കാണാൻ തിരക്ക് കൂട്ടി. പ്രവർത്തകരോട് ചിരിച്ച് കൈകൂപ്പി നന്ദി പ്രകടനം. തുടർന്ന് വേദിയിലിരുന്ന സ്ഥാനാർത്ഥിക്കളോടും നേതാക്കളോടും കുശലാന്വേഷണം. വന്ദേമാതരത്തിന് ശേഷം ഉദ്ഘാടന പ്രസംഗത്തിനായി ക്ഷണിക്കപ്പെട്ടതോടെ ഒരു ചെറുചിരിയോടെ മൈക്കിന് മുന്നിലെത്തി എല്ലാവർക്കും ഈസ്റ്റർ ആശംസകൾ പറഞ്ഞ് പ്രസംഗം ആരംഭിച്ചു. കൈയടിച്ചും ആർപ്പുവിളിച്ചും പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഭരണത്തിലെ പോരായ്മകൾ അക്കമിട്ട് രൂക്ഷമായി വിമർശിച്ചപ്പോഴും സദസ് കൈയടിച്ചു. കോൺഗ്രസിന്റെ ഗ്യാരന്റികൾ എടുത്തുപറഞ്ഞപ്പോഴും സന്തോഷ പ്രകടനം തുടർന്നു. പ്രസംഗം അവസാനിച്ചപ്പോഴേക്കും അദ്ദേഹത്തിനൊപ്പം സ്ഥാനാർത്ഥികൾക്കും പുഷ്പഹാരം അണിയിച്ചു. 5.45 ആയപ്പോഴേക്കും അദ്ദേഹം വേദി വിട്ടു. അക്ഷരാർത്ഥത്തിൽ അപ്പോഴേക്കും കൊട്ടാരക്കര ജനസാഗരമായി.
നിറുത്താതെ മുദ്രാവാക്യം മുഴക്കി ശിവജ്ഞാനം
മല്ലികാർജുൻ ഖാർഗെ എത്തിയ നിമിഷം മുതൽ വേദിയിൽ നിന്ന് ഇറങ്ങുന്നതുവരെ ആവേശത്തിൽ ശിവജ്ഞാനം മുദ്രാവാക്യം മുഴക്കിക്കൊണ്ടേയിരുന്നു. ഭാരത് ജോഡോ, ജയ് മഹാത്മ ജി, ജയ് ഖാർഗെ, ജയ് രാഹുൽ ജി, ജയ് പ്രിയങ്കാ ജി , വന്ദേമാതരം തുടങ്ങിയ മുദ്രാവാക്യങ്ങളാണ് തഞ്ചാവൂർ സ്വദേശിയായ ശിവജ്ഞാനം വിളിച്ചുകൊണ്ടിരുന്നത്. ഒരു മുണ്ട് മാത്രമാണ് വേഷം. പാർട്ടി പാതക കൈയിലേന്തിയാണ് സമ്മേളന വേദിയിലേക്ക് എത്തിയത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ ആവശ്യവുമായി താൻ യാത്ര ചെയ്യാറുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി കേരളത്തിലുണ്ട്.