വീട് തകർന്നിട്ട് അഞ്ചു വർഷം  കേറിക്കിടക്കാനിടമില്ലാതെ  ആദിവാസി വൃദ്ധ

Monday 06 April 2026 3:41 AM IST

കാളികാവ്: ഉണ്ടായിരുന്ന വീട് തകർന്നിട്ട് അഞ്ചു വർഷം.കേറിക്കിടക്കാനിടമില്ല.

തിരിഞ്ഞുനോക്കാനുമാളില്ല. അന്തിയുറക്കം വന്യമൃഗങ്ങളുടെ നടുവിലാണ്. ചോക്കാട് ചിങ്കക്കല്ല് ആദിവാസി നഗറിലെ 65കാരി ചാത്തിയാണ് നിസ്സഹായാവസ്ഥയിൽ കഴിയുന്നത്.

15 വർഷം മുമ്പ് സർക്കാരിന്റെയും സന്നദ്ധ സംഘടനയുടെയും സഹായത്തോടെ നിർമ്മിച്ച വീട് പാടെ തകർന്നു. അപകടകരമായ സ്ഥലത്ത് അശാസ്ത്രീയമായാണ് വീട് നിർമ്മിച്ചത്. ഇതാണ് തകർച്ചയ്ക്കു കാരണം. പിന്നീട് മറ്റൊരു വീടിനു വേണ്ടി ചാത്തി ശ്രമിച്ചെങ്കിലും സഹായിക്കാൻ ആരുമുണ്ടായില്ല. താമസിച്ചിരുന്ന വീടിന്റെ അടിത്തറ ഇളകിയാണ് വീട് തകർന്നത്.

ചിങ്കക്കല്ലിലെ കാട്ടു ചോലയുടെ ഓരത്ത് കുത്തനെയുള്ള സ്ഥലത്താണ് അപകടകരമായ നിലയിലാണ് ചാത്തിയുടെ പഴയ വീട് നിർമ്മിച്ചത്. അശാസ്ത്രീയ നിർമ്മാണം കാരണമാണ് വീടിന്റെ അടിത്തറ തകർന്നത്. ഏത് സമയവും ചരിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്.

ചിങ്കക്കല്ല് ആദിവാസി നഗറിലെ മിക്ക വീടുകളും അശാസ്ത്രീയയും അപകടകരവുമായ രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്.

ഇപ്പോൾ ചാത്തി അന്തിയുറങ്ങുന്നത് ഏത് സമയവും മൃഗങ്ങളുടെ ആക്രമണം നേരിടാവുന്ന അവസ്ഥയിൽ കാടിനരികിലെ തുറന്ന സ്ഥലത്ത് മറ പോലുമില്ലാതെ പ്ലാസ്റ്റിക് വലിച്ചു കെട്ടിയ ഷെഡിലാണ്. ഇവിടെ നിലത്ത് ഒരു തുണി വിരിച്ചാണ് കിടക്കുന്നത്.

രാത്രി

കിടക്കും മുമ്പ്,​ വന്യമൃഗങ്ങളെ അകറ്റാൻ വിറകിന് തീയിട്ടാണ് കിടക്കുക.

സന്നദ്ധ സംഘടന നിർമ്മിച്ചുകൊടുത്ത വീട്ടിലാണ് ചാത്തിയും ഭർത്താവു മാതനും കഴിഞ്ഞിരുന്നത്. ഭർത്താവ് മൂന്നു വർഷം മുമ്പ് മരിച്ചു .ഇതോടെയാണ് ചാത്തി തനിച്ചായത്. കൂലിപ്പണി ചെയ്താണ് ചാത്തി ജീവിക്കുന്നത്. ഒരു മകനും മകളുമുണ്ടെങ്കിലും

തന്നെ കൂടെ കൂട്ടാൻ ആരും തയ്യാറാകുന്നില്ലെന്ന് ചാത്തി പറഞ്ഞു.