കൊടുംചൂടിൽ വലഞ്ഞ് തുരുത്തുകളിൽ ഉപേക്ഷിക്കപ്പെട്ട കാലികൾ
പൊന്നാനി: കൊടുംവെയിലിൽ തളർന്ന് വലഞ്ഞ്, പൊന്നാനിക്കടുത്ത് ചമ്രവട്ടം റെഗുലേറ്റർ ബ്രിഡ്ജിന് സമീപം ഭാരതപ്പുഴയിലെ തുരുത്തുകളിൽ ഒറ്റപ്പെട്ട കന്നുകാലികൾ.നൂറോളം വരുന്ന പോത്തുകളെയാണ് ചിലർ മാസങ്ങളായി ഇവിടെ ഉപേക്ഷിച്ചിരിക്കുന്നത്. കനത്ത ചൂടിൽ മണൽതിട്ടകളിൽ ഇവ തളർന്ന് കിടക്കുന്ന കാഴ്ചകൾ നാട്ടുകാരെ വേദനിപ്പിക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കൊണ്ടുവരുന്ന പോത്തുകുട്ടികളെയാണ് ഇത്തരത്തിൽ പുഴയിലെ തുരുത്തിൽ ഇറക്കി വിടുന്നത്. മാസങ്ങളോളം തനിയെ പുല്ല് മേഞ്ഞ് ഇവ വളരും. വലുതായാൽ അറവിന് കൊണ്ടുപോകും. ഈ ഇടവേളയിൽ ഇവയ്ക്ക് യാതൊരു സംരക്ഷണവും ലഭിക്കുന്നില്ല. ഏതെങ്കിലും മൃഗം രോഗബാധിതമാകുകയോ ചത്തുപോകുകയോ ചെയ്താൽതിരിഞ്ഞു നോക്കാൻ പോലും ആരുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിഷപ്പാമ്പുകളും കാട്ടുമൃഗങ്ങളും എത്തുന്ന ഇത്തരം തുരുത്തുകളിൽ ഇവയ്ക്ക് ഭീഷണിയേറെയാണ്. വർഷങ്ങളായി ഭാരതപ്പുഴയെ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സംംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് മൃഗങ്ങളെ രക്ഷപ്പെടുത്തണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അന്നും വ്യാപകം
2018ലെ പ്രളയകാലത്ത് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട പോത്തുകൾ പുഴയിൽ കുടുങ്ങിയിരുന്നു.
അന്ന് ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്ന് ഇവയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു.
കടുത്ത ജനരോഷമാണ് അന്ന് ഇതിനെതിരെ ഉയർന്നത്. എന്നാൽ അൽപ്പസമയം കഴിഞ്ഞപ്പോൾ തന്നെ നടപടികൾ തണുത്തു. ഇത്തരം പ്രവണതകൾ വീണ്ടും ആവർത്തിക്കപ്പെടാൻ തുടങ്ങി.