പ്രവാസികൾക്ക് തിരിച്ചടി, പലരും കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കി; വോട്ടിടാനെത്തിയവർക്ക് ചെലവായത് രണ്ടേകാൽ ലക്ഷം രൂപ

Monday 06 April 2026 12:11 PM IST

ദുബായ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തിയ ചില പ്രവാസികൾക്ക് 9000 ദിർഹം (2,27,369.43 രൂപ) ചെലവാക്കേണ്ടി വന്നതായി റിപ്പോർട്ട്. വിമാനക്കമ്പനികൾ ഉയർന്ന നിരക്കുകൾ ഈടാക്കുന്നതും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ കുറച്ചതും കാരണം നാട്ടിലേക്ക് വോട്ട് ചെയ്യാനെത്തുന്ന പ്രവാസികളുടെ എണ്ണം കുത്തനെ കുറഞ്ഞേക്കുമെന്നും ഒരു ഗൾഫ് മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തു.

'കഴിഞ്ഞ ആഴ്‌ചയാണ് കേരളത്തിലെത്തിയത്. എനിക്കും ഭാര്യയ്‌ക്കും രണ്ട് കുട്ടികൾക്കും ടിക്കറ്റെടുക്കാൻ രണ്ടേകാൽ ലക്ഷം രൂപ ചെലവായി. ചെലവഴിക്കാൻ ധാരാളം പണമുണ്ടായിട്ടല്ല. വോട്ടവകാശം വിനിയോഗിക്കണമെന്ന ദൃഢനിശ്ചയം എനിക്കുണ്ടായിരുന്നു. 19 വർഷമായി യുഎഇയിൽ വന്നിട്ട്. ഇതുവരെ ഒരു തിരഞ്ഞെടുപ്പിന് പോലും വോട്ടിടാതിരുന്നിട്ടില്ല. ഈ വർഷം നേരത്തേയെത്തി പ്രചാരണ പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ സാധിച്ചു' - മലയാളിയായ മുനീർ പറഞ്ഞു.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച കേരളത്തിലേക്കുള്ള ടു - വേ ടിക്കറ്റിനായി അജ്‌മാനിൽ താമസിക്കുന്ന ആശ അബ്‌‌ദുൾഖാദർ 4,000 ദിർഹം ( 1,01,053.08 രൂപ) ആണ് ചെലവഴിച്ചത്. ടിക്കറ്റ് നിരക്ക് ഒരുപാട് കൂടുതലാണെങ്കിലും വോട്ട് ചെയ്യുന്ന എന്നത് തനിക്ക് പ്രധാനമാണെന്ന് അവർ പറ‌ഞ്ഞു. തനിക്ക് പൗരബോധമുണ്ടെന്നും കഴിഞ്ഞ 25 വർഷമായി യുഎഇയിൽ എത്തിയിട്ട്, ഇതുവരെ ഒരു തിരഞ്ഞെടുപ്പും മുടക്കിയിട്ടില്ലെന്നും ആശ വ്യക്തമാക്കി.

സാധാരണ പ്രവാസികളെ സംബന്ധിച്ച് ഇത്രയും വലിയൊരു തുക ചെലവാക്കി വോട്ട് ചെയ്യാൻ നാട്ടിലെത്തുന്നത് പ്രാവർത്തികമല്ല. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പലർക്കും തൊഴിൽ നഷ്‌ടപ്പെടുന്ന കാര്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സാധാരണ തിരഞ്ഞെടുപ്പ് സമയത്ത് വോട്ടിടാനായി കേരളത്തിലേക്ക് പതിനായിരക്കണക്കിന് പ്രവാസികൾ എത്താറുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രവാസികളെ നാട്ടിലെത്തിക്കാനായി ചാർട്ടർ വിമാനങ്ങൾ പോലും ഒരുക്കിയിരുന്നു.

എന്നാൽ, നിലവിലെ സാഹചര്യം കാരണം ഭൂരിഭാഗംപേരും വോട്ടിടേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ്. മറ്റുചിലർ യുഎഇയിൽ നിന്ന് ബംഗളൂരു ടിക്കറ്റെടുത്ത ശേഷം അവിടെ നിന്നും കേരളത്തിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നിരുന്നാലും കഴിഞ്ഞ തവണയെ അപേക്ഷിച്ച് കേരളത്തിൽ പോളിംഗ് ശതമാനം കുറയാൻ ഇത് കാരണമായേക്കും.