പാമ്പിന്റെ വായിൽ ചുവപ്പ്, അത് രക്തമല്ല; രണ്ടാഴ്‌ച മുൻപ് തിരഞ്ഞിട്ടും കാണാതായ മൂർഖൻ വീണ്ടും അതേ വീട്ടിൽ

Monday 06 April 2026 12:21 PM IST

തിരുവനന്തപുരം ജില്ലയിലെ മൺവിളയ്ക്ക് അടുത്തുള്ള ഒരു വീട്ടിലാണ് സംഭവം. വീടിന് പുറകിൽ തവളയെ വിഴുങ്ങുന്ന മൂർഖൻ പാമ്പിനെ കണ്ട വീട്ടമ്മ ഉനെ വാവാ സുരേഷിനെ വിളിച്ചു. മറ്റൊരു പാമ്പിനെ പിടികൂടിക്കൊണ്ടിരിക്കുകയായിരുന്നു വാവാ അപ്പോൾ. വാവ സ്ഥലത്തെത്താൻ വൈകിയതോടെ ഏകദേശം മുക്കാൽ മണിക്കൂർ വീട്ടമ്മ പാമ്പിനെ നോക്കി നിന്നു. 11 മാസം പ്രായമുള്ള കുഞ്ഞൻ മൂർഖനായിരുന്നു അത്. വാവ പിടികൂടാൻ പോയപ്പോൾ പാമ്പ് അങ്ങിങ്ങായി പാഞ്ഞു. ഇതിനിടയിൽ തവളയെ കക്കി. പായുന്നതിനിടയിൽ വായിൽ ഉള്ളിത്തൊലിയും കുടുങ്ങി. ഏറെ ശ്രമത്തിനുശേഷമാണ് വാവ സുരേഷ് കുഞ്ഞനെ പിടികൂടിയത്.

വേനൽകാലത്ത് പാമ്പ് കടിയുടെ എണ്ണം കൂടുമെന്ന് വാവ സുരേഷ് പറഞ്ഞു. ചൂടുകാലമായതിനാൽ പലരും പക്ഷികൾക്കായി ചെറിയ പാത്രങ്ങളിൽ വെള്ളം വയ്ക്കാറുണ്ട്. എന്നാൽ തറയിൽ വെള്ളം വയ്ക്കുന്നത് അപകടകരമാണ്. മതിലിന് മുകളിൽ മാത്രം വെള്ളം വയ്ക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ടെറസിൽ വയ്ക്കുകയോ കെട്ടിത്തൂക്കുകയോ ചെയ്യാം. പാമ്പുകൾ മുട്ടയിട്ട് വിരിയാറാകുന്ന സമയമാണ്. അതിനാൽതന്നെ അവർ വെള്ളം തേടിയെത്തുമെന്നും വാവ സുരേഷ് മുന്നറിയിപ്പ് നൽകി.

ഇതിനിടയിൽ ഉള്ളൂർ നീരാഴി ലൈനിൽ നിന്ന് മറ്റൊരു കോൾ എത്തി. വീട്ടിനകത്തേക്ക് കയറാൻ ശ്രമിച്ച മൂർഖൻ പാമ്പിനെ നായ തടഞ്ഞുവച്ചിരിക്കുകയാണെന്ന് നിലവിളിച്ചുകൊണ്ടാണ് അയൽവാസിയായ വീട്ടമ്മ വാവയെ വിളിച്ചത്. രണ്ടാഴ്ച മുൻപ് ഇതേസ്ഥലത്ത് പാമ്പിനെ കണ്ടതായി വീട്ടുകാർ വിളിച്ചുപറഞ്ഞതിനെത്തുടർന്ന് വാവ എത്തിയെങ്കിലും അന്ന് പിടികൂടാൻ സാധിച്ചിരുന്നില്ല. ഒരേസമയം രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണാം.