'എൽഡിഎഫോ യുഡിഎഫോ അധികാരത്തിൽ വന്നാൽ നടക്കാൻ പോകുന്നത് ലൗ ജിഹാദ്'; വിവാദ  പരാമർശവുമായി പി  കെ  കൃഷ്ണദാസ്

Monday 06 April 2026 12:28 PM IST

തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കുമെന്ന വിവാദ പരാമർശവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ഹിന്ദു - ക്രിസ്‌ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ പ്രണയം നടിച്ച് രാജ്യദ്രാേഹ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യുമെന്നും കൃഷ്ണദാസ് ആരോപിച്ചു. എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായിരിക്കുമെന്നും കൃഷ്ണദാസ് ആരോപിക്കുന്നു. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത കാട്ടാക്കടയിലെ പൊതുസമ്മേളനത്തിലായിരുന്നു വിവാദ പരാമർശം.

'മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും രണ്ടല്ല, ഒന്നാണ്. മാർക്സിസ്റ്റ് പാർട്ടിയുടെയോ കോൺഗ്രസിന്റേയോ നേതൃത്വത്തിലുള്ള മുന്നണികൾ അധികാരത്തിൽ വന്നാൽ ആരാണ് ആ സർക്കാരിനെ നിയന്ത്രിക്കുക? ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയേയും പോലുള്ള പാകിസ്ഥാൻ അനുകൂല ദേശവിരുദ്ധ സംഘടനകളായിരിക്കും. അതുകൊണ്ട് എന്താണ് ഉണ്ടാകാൻ പോകുന്നത്. ഹിന്ദു, ക്രെെസ്തവ വീടുകളിലുള്ള പെൺകുട്ടികളെ പ്രണയം നടിച്ച് ലൗ ജിഹാദിന്റെ പേരിൽ രാജ്യദ്രാേഹ പ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യും. ഇതാകും കേരളത്തിൽ നടക്കാൻ പോകുന്നത്.

ഇതിന് അനുവദിക്കണമോ എന്ന് കേരളത്തിലെ വോട്ടർമാർ ചിന്തിക്കണം. അപകടകരമായ സാഹചര്യം കേരളത്തിൽ വരാൻ പോവുകയാണ്. ഒരു ഭാഗത്ത് ജമാഅത്തെ ഇസ്ലാമി, മറുഭാഗത്ത് എസ്ഡിപിഐ. ഇത് രണ്ടും പാക് അനുകൂല സംഘടനകളാണ്. ഈ രണ്ട് സംഘടനകളുമായിട്ടാണ് കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയും സഖ്യവും സഹകരണവും ഉണ്ടാക്കിയത്'- പി കെ കൃഷ്ണദാസ് പറഞ്ഞു.

എന്നാൽ പി കെ കൃഷ്ണദാസിന്റെ വിവാദ പരമാർശത്തെ തള്ളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയിട്ടുണ്ട്. എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് നടപ്പാക്കുമെന്ന് പാർട്ടിക്ക് അഭിപ്രായമില്ലെന്നും ഉണ്ടെങ്കിൽ പ്രകടന പത്രികയിൽ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.