വികസനക്കുതിപ്പിൽ പിറവം: സമഗ്ര പദ്ധതികളുമായി അനൂപ് ജേക്കബ് 

Tuesday 07 April 2026 2:00 AM IST

പിറവം: സമഗ്ര വികസനത്തിന്റെ പുതിയ അദ്ധ്യായങ്ങളിലൂടെ മുന്നേറുകയാണ് പിറവം നിയമസഭാ നിയോജക മണ്ഡലം. ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന വികസന പ്രവർത്തനങ്ങളുമായി അനൂപ് ജേക്കബ് എം.എൽ.എ മുന്നോട്ടുപോകുമ്പോൾ പിറവം മാറ്റത്തിന്റെ പാതയിൽ ഉറച്ച ചുവടുകൾ വയ്ക്കുന്നു. സാധാരണക്കാരും തൊഴിലാളികളും കർഷകരും സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും വികസനമെത്തിക്കാൻ കഴിഞ്ഞത് മണ്ഡലത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു.

യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് കെ.എസ്.ആർ.ടി.സിയുടെ നിരവധി സർവീസുകൾ ആരംഭിച്ചു. പിറവം-കോഴിക്കോട് സൂപ്പർ ഫാസ്റ്റ്, പിറവം-തൃശൂർ-പാലക്കാട് സൂപ്പർ ഫാസ്റ്റ് സർവീസുകൾ ദീർഘദൂര യാത്രകൾക്ക് ആശ്വാസമായി. കൂടാതെ മള്ളിയൂർ, പാറശാല, കളമശേരി മെഡിക്കൽ കോളേജ്, ചിന്മയ വിശ്വവിദ്യാപീഠ്, മഞ്ഞനിക്കാട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വിദ്യാർത്ഥികൾക്കും രോഗികൾക്കും ഗുണകരമായി. ചോറ്റാനിക്കര-ശബരിമല മണ്ഡലകാല സ്പെഷ്യൽ സർവീസ്, നാലമ്പല തീർത്ഥാടന സർവീസ് എന്നിവയും ആരംഭിച്ചു. ടൂറിസം വികസനത്തിനായി പിറവം-മാമലക്കണ്ടം-മൂന്നാർ, വട്ടവിള-കാന്തല്ലൂർ, അതിരപ്പിള്ളി-വാഴച്ചാൽ, പക്കപ്പാറ-വാഗമൺ-പരുന്തുംപാറ-ഗവി എന്നിവിടങ്ങളിലേക്കുള്ള പാക്കേജ് സർവീസുകളും ആരംഭിച്ചു.

വൈദ്യുതി വിതരണ മേഖലയിലും വലിയ മുന്നേറ്റമാണ് കൈവരിച്ചത്. പിറവം വൈദ്യുതി പദ്ധതിയിൽ 12 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി. വിതരണ മേഖല മെച്ചപ്പെടുത്തുന്നതിനായി 3.29 കോടി, 2.17കോടി, 1.78കോടി രൂപയുടെ പ്രവൃത്തികൾ നടപ്പാക്കി. 6 കിലോമീറ്റർ എൽ.ടി ഓവർഹെഡ് ലൈൻ, 4 കിലോമീറ്റർ എച്ച്.ടി ലൈൻ, 5 കിലോമീറ്റർ 11കെ.വി എ.ബി.സി ലൈൻ, 54 കിലോമീറ്റർ എൽ.ടി ലൈനുകൾ എന്നിവ സ്ഥാപിച്ചു. 17 പുതിയ ട്രാൻസ്ഫോർമറുകളും 51 ട്രാൻസ്ഫോർമർ സ്റ്റേഷനുകളും സ്ഥാപിച്ചു. വിതരണ നഷ്ടം കുറയ്ക്കാൻ 1765 മീറ്ററുകളും 69 ഫോൾട്ട് പാസ് ഇൻഡിക്കേറ്ററുകളും സ്ഥാപിച്ചു. പി.പി.എസ് സ്കീമിൽ 26 പ്രവർത്തനങ്ങൾക്ക് 35 ലക്ഷം രൂപ ചെലവഴിച്ചു. പിറവം ടൗണിൽ 12.5 കിലോമീറ്റർ അണ്ടർഗ്രൗണ്ട് കേബിൾ സ്ഥാപിക്കുന്നതിനായി 6.50 കോടിയുടെ പദ്ധതിയും നടപ്പാക്കി.

കാർഷിക മേഖലയിലും ശ്രദ്ധേയമായ ഇടപെടലുകളാണ് നടപ്പാക്കിയത്. തോട്ടറ പുഞ്ചയുടെ നവീകരണത്തിനായി 16 പ്രവർത്തനങ്ങൾക്ക് 2.28 കോടി രൂപ ചെലവഴിച്ചു. നെൽക്കൃഷി പദ്ധതിക്ക് 2.66 ലക്ഷം രൂപ അനുവദിച്ചു. യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി 69 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കി. 171 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു. എല്ലാ വർഷവും 15 ഏക്കറിൽ പച്ചക്കറിക്കൃഷി നടപ്പാക്കി. മണീട് പുഞ്ചയുടെ നവീകരണത്തിന് 1.11 കോടി രൂപയും രാമമംഗലം പാടശേഖരത്തിന് 5.8 കോടിയും അനുവദിച്ചു. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന് കീഴിൽ ഇടയാർ ഡിസ്ട്രിബ്യൂട്ടറി ഉദ്ഘാടനം ചെയ്തു. അടിയാക്കൽ തോടിന്റെ നവീകരണത്തിന് 3 കോടി രൂപയും അനുവദിച്ചു.

മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനൊപ്പം ജനങ്ങളോട് ചേർന്നുനിൽക്കുന്ന നേതൃത്വമായി അനൂപ് ജേക്കബ് എം.എൽ.എ മാറിയിരിക്കുകയാണ്.