'സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ജാതി അറിയിക്കാൻ മുല്ലപ്പൂവ് വയ്‌ക്കുന്നു'; വിവാദപരാമർശവുമായി ജി സുധാകരൻ

Monday 06 April 2026 5:40 PM IST

അമ്പലപ്പുഴ: സിപിഎം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയ്‌ക്കെതിരെ ജാതി അധിക്ഷേപവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു സുധാകരന്റെ വിവാദ പരാമർശം. സി എസ് സുജാത നായന്മാരുടെ വീട്ടിൽ മാത്രമേ പോകൂ എന്നും താൻ നായരാണെന്ന് ബോദ്ധ്യപ്പെടുത്താൻ മുല്ലപ്പൂവും തുളസിപ്പൂവും ചൂടിയാണ് അവർ വോട്ട് ചോദിക്കാനിറങ്ങുന്നതെന്നും സുധാകരൻ പറഞ്ഞു.

അമ്പലപ്പുഴയിൽ നിന്ന് നായർ സമുദായത്തിന്റെ വോട്ടൊന്നും കിട്ടില്ലെന്നും എൽഡിഎഫ് സ്ഥാനാർത്ഥി നായരെയും ധീവരനെയും തമ്മിൽ തെറ്റിക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു.സഹോദരനായ ജി ഭുവനേശ്വരന്റെ കൊലപാതകത്തിന് കാരണം എസ്‌എഫ്‌ഐ ആണെന്നും സുധാകരൻ ആരോപണമുന്നയിച്ചു. സംഭവദിവസം സഹോദരനെ നിർബന്ധിച്ച് കോളേജിൽ വിട്ടത് സിപിഎമ്മുകാരാണ്. ഭുവനേശ്വരൻ സ്വയം കൊല്ലപ്പെട്ടതല്ല, അതിനുള്ള സാഹചര്യം സൃഷ്‌ടിച്ചത് എസ്‌എഫ്‌ഐ ഗുണ്ടകളാണെന്നും ജി സുധാകരൻ ആരോപിച്ചു. നേരത്തേ ജി സുധാകരൻ പറഞ്ഞത് നായർ ഗുണ്ടകളാണ് ഭുവനേശ്വരനെ കൊലപ്പെടുത്തിയതെന്നാണ്.

അതേസമയം, തിരഞ്ഞെടുപ്പ് സമയത്ത് വോട്ട് അഭ്യർത്ഥിക്കാനായി മണ്ഡലത്തിലെ ജനങ്ങളുടെ വീടുകളിൽ പോകുന്നതിൽ എന്താണ് തെറ്റെന്നും അതിനെ എങ്ങനെയാണ് ഇത്രയും ദുഷ്‌ടലാക്കോടെ കാണാനാകുന്നതെന്നും സുജാത ചോദിച്ചു. ജി സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായത് അങ്ങേയറ്റം ബാലിശമായ പ്രസ്‌താവനകളാണെന്നും അവർ പറഞ്ഞു.