കേന്ദ്രമന്ത്രി പേര് പറഞ്ഞ് വോട്ട് ചോദിച്ചില്ല, ബിജെപി പരിപാടി ബഹിഷ്‌കരിച്ച് ആർ ശ്രീലേഖ; ഇറങ്ങിപ്പോയി

Monday 06 April 2026 5:50 PM IST

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഓൺലൈനായി പങ്കെടുത്ത എൻഡിഎ തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ ഇറങ്ങിപ്പോയി. കേന്ദ്രമന്ത്രി പരിപാടിക്കിടെ തന്റെ പേര് പരാമർശിക്കാത്തതിനെ തുടർന്നാണ് ശ്രീലേഖ വേദി വിട്ടത്. എന്നാൽ പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ട് ശ്രീലേഖയെ പരിപാടിയിലേക്ക് തിരിച്ചെത്തിച്ചു. ജയ്ശങ്കർ പരിപാടി ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് ശ്രീലേഖ ചടങ്ങ് ബഹിഷ്‌കരിച്ചത്.

ആർ ശ്രീലേഖയ്ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ ഉദ്ഘാടനത്തിന് ശേഷം പ്രസംഗിക്കുന്നതിനിടെ രാജീവ് ചന്ദ്രശേഖറിനെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യാർത്ഥിച്ചു. ശ്രീലേഖയുടെ പേരോ വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ പേരോ കേന്ദ്രമന്ത്രി പരാമർശിച്ചിട്ടില്ല. ഇതോടെ ശ്രീലേഖ ചടങ്ങ് ബഹിഷ്‌കരിച്ച് വേദി വിടുകയായിരുന്നു. തനിക്ക് വേണ്ടി വോട്ട് ചോദിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ തന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ താൻ പങ്കെടുക്കേണ്ട ആവശ്യമെന്താണെന്ന് ശ്രീലേഖ ചോദിച്ചെന്നാണ് വിവരം.