ആമ്പല്ലൂരിൽ അനധികൃത മണ്ണെടുപ്പ്; നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്
ആമ്പല്ലൂർ: ആമ്പല്ലൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തുടരുന്ന വ്യാപകമായ അനധികൃത മണ്ണെടുപ്പും നിലംനികത്തലും തടയാൻ കർശന നിയമനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ഹരി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് എന്നിവർ പഞ്ചായത്ത്, പൊലീസ്, റവന്യൂ അധികാരികളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രകൃതിയെ ചൂഷണം ചെയ്ത് വരൾച്ചയ്ക്ക് ആക്കം കൂട്ടുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അടിയന്തരമായി നിറുത്തണമെന്ന് ഇവർ പ്രസ്താവനയിൽ പറഞ്ഞു.
ആമ്പല്ലൂർ വില്ലേജ് ജനകീയ സമിതി യോഗത്തിൽ വിഷയം ഉന്നയിച്ചപ്പോൾ ബന്ധപ്പെട്ടവർക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതായി വില്ലേജ് ഓഫീസർ അറിയിച്ചിരുന്നു. എന്നാൽ പഞ്ചായത്തിലെ 14-ാം വാർഡിൽ തീരദേശ റോഡിന് പടിഞ്ഞാറുള്ള കുറക്കന്തറ പാടശേഖരത്തിൽ നിലംനികത്തൽ തുടരുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 17-ാം വാർഡ് സ്ഥാനാർത്ഥിയായി മത്സരിച്ച ജബ്ബാർ അസീസ്, നെടുവേലിക്കുന്നേലിന്റെ ഉടമസ്ഥതയിലുള്ള ഏകദേശം 1.5 ഏക്കർ പാടശേഖരം പൊതുതിരഞ്ഞെടുപ്പിന്റെ മറവിൽ മണ്ണിട്ട് നികത്തുകയാണെന്ന് നേതാക്കൾ ആരോപിച്ചു.
പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലെ കുന്നുകൾ ഇടിച്ചുനിരത്തി മണ്ണെടുക്കുന്നത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കുന്നതായി പ്രദേശവാസികളും പരാതിപ്പെടുന്നു.