കൊട്ടിക്കലാശം വൈകിട്ട് ആറു വരെ

Tuesday 07 April 2026 2:59 AM IST

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനമായ കൊട്ടിക്കലാശം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. ഇതിനുശേഷം ജില്ലയിൽ പരസ്യപ്രചാരണങ്ങളൊന്നും അനുവദിക്കില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.

തുടർന്നുള്ള 48 മണിക്കൂർ നിശബ്ദ പ്രചാരണത്തിന്റേതാണ്. ഈ സമയത്ത് പ്രകടനങ്ങളോ മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണങ്ങളോ പാടില്ല. നിശ്ചയിച്ച സമയം കഴിഞ്ഞാൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാനോ വാഹനപ്രചാരണം നടത്താനോ അനുമതിയില്ല. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകർ കൊട്ടിക്കലാശം കഴിഞ്ഞാലുടൻ മണ്ഡലം വിട്ടുപോകണം.

കൊട്ടിക്കലാശത്തോടനുബന്ധിച്ച് സംഘർഷ സാദ്ധ്യത ഒഴിവാക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ പൊലീസ് നിർദ്ദേശിക്കുന്ന റൂട്ടുകളും സമയവും കർശനമായി പാലിക്കണം. സോഷ്യൽ മീഡിയ, ടി.വി ചാനലുകൾ എന്നിവ വഴി വോട്ടർമാരെ സ്വാധീനിക്കുന്ന പരസ്യങ്ങളോ പ്രചാരണങ്ങളോ 48 മണിക്കൂർ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള സമയപരിധിയിൽ മദ്യനിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.