ഒരു ലക്ഷം കോടി രൂപ വിറ്റുവരവോടെ അമുൽ

Tuesday 07 April 2026 12:33 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവുമായി പ്രമുഖ പൊതുമേഖല ക്ഷീര ബ്രാൻഡായ അമുൽ റെക്കാഡ് നേട്ടം കൈവരിച്ചു. ആഭ്യന്തര വിപണി വികസിപ്പിച്ചതിനൊപ്പം യൂറോപ്പ്, യു.എസ്.എ എന്നിവിടങ്ങളിലും ഉത്പന്നങ്ങൾ അവതരിപ്പിച്ചതാണ് നേട്ടമായത്. ഗുജറാത്ത് കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വർഷം 11.4 ശതമാനം ഉയർന്ന് 73,450 കോടി രൂപയായി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ എഫ്.എം.സി.ജി കമ്പനിയായി ഗുജറാത്ത് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ മാറി.

നിലവിൽ അമുൽ ബ്രാൻഡിന് കീഴിൽ 1,200 ഉത്പന്നങ്ങളാണ് വിപണിയിലുള്ളത്. ഫെഡറേഷനും 18 അംഗ ജില്ലാ സഹകരണ സ്ഥാപനങ്ങളും ചേർന്നാണ് അമുൽ ബ്രാൻഡിൽ ഉത്പന്നങ്ങൾ വിതരണം നടത്തുന്നത്. രാജ്യത്തെ 36 ലക്ഷം ക്ഷീര കർഷകരുടെ കഠിനാദ്ധ്വാനത്തിന്റെ നേട്ടമാണിതെന്ന് അമുൽ ചെയർമാൻ അശോക് ഭായ് ചക്രബർത്തി പറഞ്ഞു.