പോളിംഗ് ഡ്യൂട്ടിക്ക് 6000 ഉദ്യോഗസ്ഥർ, സർവം സജ്ജം

Tuesday 07 April 2026 12:55 AM IST

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. 1207 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതി​ൽ 25 സ്ത്രീ സൗഹൃദ ബൂത്തുകളുമുണ്ട്. ആറായിരത്തോളം ഉദ്യോഗസ്ഥരെയാണ് പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത്. ജില്ലയിൽ 25 പ്രശ്നബാധിത പോളിംഗ് ബൂത്തുകളുണ്ട്. ഇവിടെ സായുധ പൊലീസ് ഉൾപ്പെടെ സുരക്ഷാ സേനയെ വിന്യസിക്കും.

പോളിംഗ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ നിരോധനമുണ്ട്. പോളിംഗ് ബൂത്തിലെ പ്രവേശന കവാടത്തിനു പുറത്തുള്ള മൊബൈൽ ഡിപ്പോസിറ്ററിയിൽ സമ്മതിദായകർക്ക് ഫോൺ സൂക്ഷിക്കാം. എല്ലാ ബൂത്തുകളിലും 100 ശതമാനം വെബ്കാസ്റ്റിംഗ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ബൂത്തിന് അകത്തും പുറത്തും വെബ് ക്യാമറ സജ്ജമാക്കും. പ്രിസൈഡിംഗ് ഓഫീസർമാർ ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് പോളിംഗ് വിവരങ്ങൾ പ്രൊആപ്പിലൂടെ അപ്‌ഡേറ്റ് ചെയ്യും. ജില്ലാകളക്ടർ എസ്.പ്രേംകൃഷ്ണൻ, ജില്ലാപൊലീസ് മേധാവി ആർ.ആനന്ദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ കെ.എസ്.നസിയ എന്നിവർ പങ്കെടുത്തു.

ജില്ലയിലെ വോട്ടർമാർ : 9,74,802

സ്ത്രീകൾ : 5,08,251

പുരുഷൻമാർ : 4,66,546

ട്രാൻസ്‌ജെൻഡർ : 5

പ്രശ്നബാധിത ബൂത്തുകൾ : 25

സക്ഷം ആപ്പിലൂടെ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വോളണ്ടിയർ, വീൽചെയർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

എസ്.പ്രേംകൃഷ്ണൻ,

ജില്ല കളക്ടർ

ഹോം വോട്ടിംഗ് 96.87 ശതമാനം

ഹോം വോട്ടിംഗിൽ 96.87 ശതമാനം രേഖപ്പെടുത്തി. പോളിംഗ് ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താൻ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ പരിശീലന കേന്ദ്രങ്ങളിലുണ്ട്. അവശ്യ സർവീസ് ജീവനക്കാർക്ക് എല്ലാ മണ്ഡലത്തിലും പോസ്റ്റൽ വോട്ടിംഗ് സെന്റർ ഒരുക്കി.

വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തിരുവല്ല, റാന്നി മണ്ഡലങ്ങൾ : കോഴഞ്ചേരി സെന്റ് തോമസ് കോളജ്.

ആറന്മുള, അടൂർ മണ്ഡലങ്ങൾ : ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം.

കോന്നി മണ്ഡലം : മലയാലപ്പുഴ മുസലിയാർ കോളജ് ഓഫ് എൻജി​നീയറിംഗ്.

സിവിജിൽ ആപ്പ് നിയമലംഘനം സിവിജിൽ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാം. ബൂത്തുകളിൽ വിവരങ്ങൾ വായിക്കാനും എളുപ്പത്തിൽ മനസിലാക്കാനും വോട്ടർമാരുടെ പാർട്ട് നമ്പർ, സീരിയൽ നമ്പർ വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 17സിയിലുള്ള വോട്ടുകളിൽ നിന്ന് കൺട്രോൾ യൂണിറ്റിലെ വോട്ടുമായി വ്യത്യാസം ഉണ്ടായാൽ വിവിപാറ്റിലെ സ്ലിപ്പുകൾ എണ്ണും.