പരസ്യ പ്രചാരണം അവസാനി​ക്കുന്നു, ഇന്ന് കലാശക്കൊട്ട്

Tuesday 07 April 2026 12:02 AM IST

പത്തനംതിട്ട : പതിനഞ്ച് ദിവസത്തെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് ഇന്ന് കൊട്ടിക്കലാശം. വാശിയേറിയ പോരാട്ടത്തിൽ വോട്ടുറപ്പിക്കാൻ മുന്നണി പ്രവർത്തകർക്കും സ്ഥാനാർത്ഥികൾക്കും ഇന്ന് നെട്ടോട്ടത്തിന്റെ ദിവസമാണ്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ത്രികോണ മത്സരം. ആറൻമുളയിലും തിരുവല്ലയിലും പ്രചാരണം ഫോട്ടോഫിനിഷിലേക്കെന്ന നിലയിൽ പൊലിച്ചു. നാളെ നിശബ്ദ പ്രചരണത്തിൽ പ്രമുഖരെയും സംഘടിത വോട്ടുകളെയും സ്വാധീനിക്കാനുള്ള അവസാനശ്രമം. സ്ളിപ്പുകളുമായി പാർട്ടി സ്ക്വാഡുകളുടെ വീട് കയറ്റം.

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും നിലവിൽ എൽ.ഡി.എഫ് എം.എൽ.എമാരാണുള്ളത്. നാലിടങ്ങളിലും നിലവിലെ എം.എൽ.എമാർ മത്സരിക്കുന്നു. ചിറ്റയം ഗോപകുമാർ മൂന്ന് ടേം പൂർത്തിയാക്കിയ അടൂരിൽ ഇത്തവണ ഒഴിഞ്ഞതിനെതുടർന്ന് പുതുമുഖം പ്രിജി കണ്ണൻ സ്ഥാനാർത്ഥിയായി.

ആറൻമുള മണ്ഡലത്തിലെ കൊട്ടിക്കലാശം പത്തനംതി​ട്ട സെൻട്രൽ ജംഗ്ഷനിൽ നടക്കും. മൂന്ന് മുന്നണികൾക്കും പ്രത്യേകം സ്ഥലം അനുവദിച്ചിട്ടുണ്ട്. വീണാജോർജ് (എൽ.ഡി.എഫ്), അബിൻ വർക്കി (യു.ഡി.എഫ്), കുമ്മനം രാജശേഖരൻ (എൻ.ഡി.എ) എന്നിവരാണ് പ്രമുഖ സ്ഥാനാർത്ഥികൾ. എസ്.യു.സി.ഐയ്ക്കു വേണ്ടി എസ്.രാധാമണിയും രംഗത്തുണ്ട്.