അഡ്വ .അയിഷാ പോറ്റിക്ക് എഴുകോണിലും കൊട്ടാരക്കരയിലും സ്വീകരണം
കൊട്ടാരക്കര : യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി. അയിഷാ പോറ്റിയുടെ തിരഞ്ഞെടുപ്പ് സ്വീകരണ പര്യടനം സമാപിച്ചു. എഴുകോൺ ഗ്രാമപഞ്ചായത്തിലും കൊട്ടാരക്കര നഗരസഭാ പരിധിയിലുമായിരുന്നു കഴിഞ്ഞ ദിവസത്തെ പര്യടന പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ എട്ടരയോടെ തൃപ്പിലഴികം മുസ്ലിം പള്ളി പരിസരത്ത് നടന്ന സ്വീകരണ പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ബിജു ഫിലിപ്പ് ചടങ്ങിൽ അദ്ധ്യക്ഷനായി. പരുത്തൻപാറ, നെടുമ്പായിക്കുളം എന്നിവിടങ്ങളിലെ കശുഅണ്ടി ഫാക്ടറി തൊഴിലാളികൾ സ്ഥാനാർത്ഥിക്ക് വലിയ വരവേൽപ്പാണ് നൽകിയത്. തുടർന്ന് ഇടയ്ക്കോട്, ഈലിയോട്, ഇരുമ്പനങ്ങാട്, ഇലഞ്ഞിക്കോട്, പ്ലാക്കാട്, പരുത്തുംപാറ, വട്ടമൺകാവ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ആദ്യഘട്ടം എഴുകോൺ ജംഗ്ഷനിൽ സമാപിച്ചു. ഉച്ചഭക്ഷണത്തിനുശേഷം അമ്പലപ്പുറം, വേലംകോണം, നീലേശ്വരം, കാടംകുളം, അവണൂർ ചന്തമുക്ക്, കോളജ് ജംഗ്ഷൻ, ഗാന്ധിമുക്ക്, തൃക്കണ്ണമംഗൽ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. വൈകിട്ടോടെ കടലാവിളയിൽ നടന്ന സമാപന സമ്മേളനത്തോടെ പര്യടനത്തിന് പരിസമാപ്തിയായി. വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയിരുന്നു.