സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് 900 വാഗ്ദാനങ്ങളിൽ 874 എണ്ണവും പാലിച്ചു: മുഖ്യമന്ത്രി

Tuesday 07 April 2026 12:29 AM IST

കണ്ണൂർ: എൽ.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2021ലെ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ച 900 വാഗ്ദാനങ്ങളിൽ 874 എണ്ണവും പൂർത്തിയാക്കി. 97ശതമാനം. ജനങ്ങൾക്കു മുന്നിൽ കണക്കുകൾ അവതരിപ്പിക്കുകയെന്നത് ജനാധിപത്യത്തോടുള്ള ബഹുമാനം കൂടിയാണെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചുലക്ഷം വീടുകളിലൂടെ 20 ലക്ഷം ആളുകൾക്ക് കൂരയൊരുക്കി. മത്സ്യത്തൊഴിലാളികൾക്കായി ആവിഷ്‌കരിച്ച പുനർഗേഹം പദ്ധതിവഴി 2,782 വ്യക്തിഗത ഭവനങ്ങളും 738 ഫ്ളാറ്റുകളും കൈമാറി. 3,952 കുടുംബങ്ങൾക്ക് ഭൂമി രജിസ്‌ട്രേഷനും ഉറപ്പാക്കി. 10വർഷത്തിനിടെ 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകി. ഇടുക്കിയിലെ ദശകങ്ങൾ നീണ്ട ഭൂ തർക്കങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ നിയമഭേദഗതിയും ചട്ടങ്ങളും കൊണ്ടുവന്നു.

64,006 കുടുംബങ്ങളെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച് 2025 നവംബർ ഒന്നിന് കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി. മറ്റ് സംസ്ഥാനങ്ങളിലെന്നല്ല, ലോകത്തുതന്നെ അപൂർവം രാജ്യങ്ങൾ മാത്രമേ ഈ ഉയരത്തിലെത്തിയിട്ടുള്ളൂ. ജപ്തി ഒഴിവാക്കാൻ ഇന്ത്യയിൽ ആദ്യമായി ഏക കിടപ്പാടം സംരക്ഷണനിയമം നടപ്പിലാക്കി. 7,29,843 ഫയൽ കേസുകൾ (59%) തീർപ്പാക്കി. മലയാള ഭാഷ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്ന നിയമനിർമ്മാണം കൊണ്ടുവന്നു. ജെ.ബി.കോശി കമ്മിഷൻ ശുപാർശകളിൽ 220 എണ്ണം നടപ്പാക്കി.

വിഴിഞ്ഞം തുറമുഖം

യാഥാർത്ഥ്യമാക്കി

വിഴിഞ്ഞം തുറമുഖം ദക്ഷിണേഷ്യയുടെ ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ യാഥാർത്ഥ്യമാക്കി. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുപ്പ് ചെലവിന്റെ 25% സംസ്ഥാനം വഹിച്ചു. ആനക്കാംപൊയിൽ കളളടി മേപ്പാടി തുരങ്കപാതയ്ക്ക് എല്ലാ അനുമതിയും ലഭിച്ചു.1,179 കി.മീറ്റർ മലയോര ഹൈവേ, 605 കി.മി. തീരദേശപാത എന്നിവ ലക്ഷ്യബോധത്തോടെ പുരോഗമിക്കുന്നു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് 178 വീടുകൾ ഒരുക്കിയ മാതൃകാടൗൺഷിപ്പ് കേന്ദ്ര സഹായം ഇല്ലാതിരുന്നിട്ടും പൂർത്തിയാക്കി.

വീട്ടമ്മമാർക്ക്

ആനുകൂല്യം

16,40,276 വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ ആനുകൂല്യം നൽകി

ഓർഫനേജ് അന്തേവാസികൾക്കുള്ള ധനസഹായം 1100ൽ നിന്ന് 1,375 രൂപയാക്കി

പി.എസ്.സി വഴി 3,13,202 പേർക്ക് നിയമനം നൽകി

ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് ഇൻഡക്സിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനം കൈവരിച്ചു