ഈ രണ്ടു നിറങ്ങളിലുള്ള വസ്ത്രങ്ങൾ കുട്ടികൾക്കായി വാങ്ങരുത്, മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്
വാഷിംഗ്ടൺ: കുട്ടികൾക്കായി വാങ്ങുന്ന ആകർഷകമായ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് പുതിയ പഠനം. കുട്ടികളുടെ വസ്ത്രങ്ങളിൽ നിലവിൽ അനുവദിച്ചിരിക്കുന്നതിലും കൂടുതൽ അളവിൽ കറുത്തീയം എന്ന വിഷാംശമുള്ള രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. സയൻസ് ഡെയ്‌ലിയാണ് അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ അവതരിപ്പിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
വിവിധ റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് ശേഖരിച്ച ഷർട്ടുകൾ പരിശോധിച്ചപ്പോഴാണ് അവയിലെല്ലാം പരിധിയിൽ കൂടുതൽ വിഷാംശം കണ്ടെത്തിയത്. ചുവപ്പ്, മഞ്ഞ തുടങ്ങിയ കടുംനിറങ്ങളിലുള്ള വസ്ത്രങ്ങളിലാണ് കറുത്തീയത്തിന്റെ അളവ് കൂടുതലായി കാണപ്പെടുന്നത്. വസ്ത്രങ്ങൾക്ക് തിളക്കം നൽകുന്നതിന് നിർമ്മാതാക്കൾ ലെഡ്,അസറ്റേറ്റ് എന്നിവ ഉപയോഗിക്കുന്നതാണ് ഇതിന് കാരണം.
ആറ് വയസിൽ താഴെയുള്ള കുട്ടികളാണ് ഇതിന് ഏറ്റവും കൂടുതൽ ഇരയാകുന്നത്. കുട്ടികൾ വസ്ത്രങ്ങൾ വായിൽ വയ്ക്കുന്ന ശീലമുള്ളവരായതിനാൽ ഈ വിഷാംശം ശരീരത്തിനുള്ളിലെത്താൻ എളുപ്പമാണ്. കൂടാതെ ചർമ്മത്തിലൂടെയും ഇത് ആഗിരണം ചെയ്യപ്പെടാം. ഇവ ശരീരത്തിലെത്തിയാൽ തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവർത്തനം തകരാറിലാക്കും. സ്വഭാവ വൈകല്യങ്ങൾ, മസ്തിഷ്‌ക വളർച്ചയിലെ കാലതാമസം, ബുദ്ധിശക്തിയെ ബാധിക്കുന്ന വൈകല്യങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
മരിയൻ സർവ്വകലാശാലയിലെ കെമിക്കൽ ലാബ് മേധാവി കാമില ഡീവേഴ്സിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. സ്വന്തം മകളുടെ ശരീരത്തിൽ കളിപ്പാട്ടങ്ങളിലൂടെ ഇത്തരത്തിലുള്ള വിഷാംശങ്ങളുടെ അളവ് കൂടിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കാമില ഇതേക്കുറിച്ച് കൂടുതൽ പഠിക്കാൻ തീരുമാനിച്ചത്. യുഎസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷൻ പ്രകാരം കുട്ടികളുടെ ഉൽപ്പന്നങ്ങളിൽ കറുത്തീയത്തിന്റെ അളവ് 100 പിപിമ്മിൽ കൂടാൻ പാടില്ല. എന്നാൽ പരിശോധിച്ച എല്ലാ വസ്ത്രങ്ങളിലും ഇതിലും ഉയർന്ന അളവാണ് കണ്ടെത്തിയിരിക്കുന്നത്.
കുട്ടികൾക്കായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കമ്പോൾ മാതാപിതാക്കൾ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ഗവേഷകർ നിർദ്ദേശിക്കുന്നത്. വസ്ത്രങ്ങളിലെ ലേബലുകളിൽ OEKO-TEX പോലുള്ള സുരക്ഷാ സർട്ടിഫിക്കേഷനുകൾ ഉണ്ടോ എന്ന് പരിശോധിക്കുക. കൂടുതൽ തിളക്കമാർന്ന കടുംനിറത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുന്നത് സുരക്ഷിതമായിരിക്കും.