എൽ.ഡി.എഫ് ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹർജിയിൽ നോട്ടീസ്

Tuesday 07 April 2026 2:21 AM IST

കൊച്ചി: ഇടതുമുന്നണി പ്രവർത്തകർ ഭീഷണിപ്പെടുത്തുകയാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി തളിപ്പറമ്പിലെ യു.‌ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റേയും സർക്കാരിന്റേയും മറ്റും വിശദീകരണംതേടി. ഗോവിന്ദന് ഇതിനോടകംതന്നെ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മണ്ഡലത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും സർക്കാരും കമ്മിഷനും കോടതിയെ അറിയിച്ചു. വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി ഇന്നത്തേക്ക് മാറ്റി. ക്രമസമാധാനം ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ പൊതുവായ നടപടി സ്വീകരിച്ചിട്ടുണ്ടല്ലോയെന്നും എല്ലാ സ്ഥാനാർത്ഥികളും ഇങ്ങനെ ഹർജി നൽകിയാൽ എന്തുചെയ്യുമെന്നും കോടതി വാക്കാൽ പറഞ്ഞു.