പേരാമ്പ്രയിലെ വർഗീയ പ്രചാരണം: പെരുമാറ്റച്ചട്ട ലംഘനമില്ല

Tuesday 07 April 2026 3:33 AM IST

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയക്കെതിരെ എൽ.ഡി.എഫ് വർഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗ്. ചട്ടലംഘനം കണ്ടെത്തിയില്ലെന്നാണ് ഫ്ളയിംഗ് സ്ക്വാഡ് റിപ്പോർട്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാർത്ഥി മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന അർത്ഥത്തിൽ എൽ.ഡി.എഫിന്റെ പ്രചാരണ വാഹനത്തിൽ നിന്ന് അനൗൺസ്മെന്റ് ഉണ്ടായെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. നമ്മുടെ വോട്ട് നമ്മുടെ സമുദായത്തിലെ കുട്ടിക്കെന്ന് പറഞ്ഞാണ് വോട്ട് പിടിക്കുന്നതെന്ന് പ്രചരിപ്പിച്ചെന്നായിരുന്നു ആക്ഷേപം. എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണൻ ആരോപണം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസിന് മറുപടി നൽകിയിരുന്നു.