പാർട്ടി രൂപീകരണ ദിനം:പതാക ഉയർത്തി അമിത്ഷാ

Tuesday 07 April 2026 3:28 AM IST

തിരുവനന്തപുരം:ബി.ജെ.പിയുടെ 47-മത് രൂപീകരണദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ നടന്ന ആഘോഷ പരിപാടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാർട്ടി പതാക ഉയർത്തി. കെ.ജി.മാരാരുടെ പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി മധുരവിതരണവും ഉണ്ടായിരുന്നു.നേതാക്കളടക്കം നൂറ്കണിക്കിന് പ്രവർത്തകർ പങ്കെടുത്തു.

രാവിലെ പത്തരയോടെ മാരാർജി ഭവനിലെത്തിയ അമിത് ഷാ പാർട്ടി പതാക ഉയർത്തിയ ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കളുടെ യോഗത്തിലും പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,ജനറൽ സെക്രട്ടറിമാരായ എസ്.സുരേഷ്, എം.ടി.രമേശ്,ആദ്യകാല നേതാക്കളായ ഒ.രാജഗോപാൽ,അശോക് കുമാർ, കേന്ദ്രമന്ത്രി ശോഭ കരന്ത്ലജെ,സംസ്ഥാനത്തെ ഇലക്ഷൻ ചുമതലയുള്ള വിനോദ് ധാവ്ഡെ,സംസ്ഥാന പാർട്ടി പ്രഭാരി പ്രകാശ് ജാവദേക്കർ,മേയർ വി.വി.രാജേഷ്, എ.എൻ.രാധാകൃഷ്ണൻ, ജെ.ആർ.പത്മകുമാർ,അനിൽ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിന് ശേഷം അമിത്ഷാ ഹരിപ്പാട് എൻ.ഡി.എ.സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിയുടെ തിരഞ്ഞെടുപ്പ് പ്രചരണ റോഡ് ഷോയിൽ പങ്കെടുക്കാൻ ആലപ്പുഴയിലേക്ക് ഹെലികോപ്റ്ററിൽ പോയി.ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെത്തിയ ശേഷം ഡൽഹിക്ക് മടങ്ങി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാല് പ്രചാരണ പരിപാടികളിൽ അമിത്ഷാ പങ്കെടുത്തു.