തിരഞ്ഞെടുപ്പിന് കനത്ത സുരക്ഷ

Tuesday 07 April 2026 3:35 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.140 കമ്പനി കേന്ദ്രസേനയടക്കം വമ്പൻ സേനാ വിന്യാസമുണ്ട്.പ്രശ്നബാധിത ബൂത്തുകളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. കള്ളവോട്ട്,ബൂത്തുപിടുത്തം,അക്രമം എന്നിവ തടയാനുള്ള നടപടികളുടെ ഭാഗമാണിത്.

2040 പ്രശ്ന ബാധിത ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്.സി.ഐ.എസ്.എഫ്,സി.ആർ.പി.എഫ്,ബി.എസ്.എഫ്,സശാസ്ത്ര സീമാബാൽ,ദ്രുതകർമ്മസേനകളാണ് എത്തുക.കേന്ദ്ര സേനയുടെ താമസം,ഭക്ഷണം,യാത്ര,വിന്യാസം,മടക്കയാത്ര എന്നിവയ്ക്കെല്ലാമുള്ള ചെലവ് പൊലീസ് വഹിക്കും.പിന്നീടിത് കേന്ദ്രം തിരികെ നൽകും.പ്രാഥമികമായി പൊലീസിന് 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്.സുരക്ഷാ ചെലവിനായി 150 കോടിയെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്.

അതീവപ്രശ്ന സാദ്ധ്യതയുള്ള എ-വിഭാഗത്തിലെ ബൂത്തുകളിൽ നാല് വീതം കേന്ദ്രസേനാംഗങ്ങളും അതിനുതാഴെയുള്ള ബി-വിഭാഗം ബൂത്തുകളിൽ രണ്ടുവീതം സേനാംഗങ്ങളുമുണ്ടാവും.ഇവിടെ അധികം പൊലീസുമുണ്ടാവും.ഗ്രൂപ്പ് പട്രോൾ,പൊലീസ് പിക്കറ്റുകൾ,നിരീക്ഷണ സംവിധാനം എന്നിവയൊരുക്കും.

മാവോയിസ്റ്റ് മേഖലകളിൽ പൊലീസിന്റെ തണ്ടർബോൾട്ട് സുരക്ഷയുമുണ്ടാവും.പ്രശ്നബാധിത ബൂത്തുകളിലും മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിലും കേന്ദ്രസേനയെ വിന്യസിക്കും.എസ്.പിയുടേയോ സബ്ഡിവിഷണൽ ഉദ്യോഗസ്ഥരുടേയോ ഉത്തരവ് പ്രകാരമാവും കേന്ദ്രസേനയുടെ പ്രവർത്തനം.വിമുക്തഭടന്മാരും വിരമിച്ചവരുമടക്കം 10,000 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരും ഉണ്ടാകും.