കശുഅണ്ടി കോർ. അഴിമതി കേസ്: കോടതിയലക്ഷ്യത്തിൽ 10ന് വിധി
Tuesday 07 April 2026 2:50 AM IST
കൊച്ചി: കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സി.ബി.ഐ നൽകിയ പ്രോസിക്യൂഷൻ അനുമതി സംസ്ഥാന സർക്കാർ മൂന്നാമതും തള്ളിയത് ചോദ്യംചെയ്യുന്ന കോടതിഅലക്ഷ്യ ഹർജിയിൽ ഹൈക്കോടതി 10ന് വിധിപറയും. കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് വാദംകേട്ടത്. കശുഅണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിംഗ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാനാണ് സി.ബി.ഐ അനുമതി തേടിയത്. ഇത് നിഷേധിച്ച വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരായ കോടതിഅലക്ഷ്യ കേസിലാണ് തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് വിധി വരുന്നത്. സർക്കാർ അഴിമതിക്കാർക്കൊപ്പമാണെന്നും പരിതാപകരമായ അവസ്ഥയാണിതെന്നും വാദത്തിനിടെ നേരത്തെ കോടതി വിമർശിച്ചിരുന്നു.