അവകാശങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ട്: ബി.പി.ജെ.എസ്

Tuesday 07 April 2026 3:22 AM IST

കൊച്ചി: ഇടത്- വലത് മുന്നണികൾ പട്ടികവിഭാഗത്തെ അവഗണിക്കുകയാണെന്നും സംവരണാനുകൂല്യത്തിൽ എം.എൽ.എമാരാകുന്നവർ സമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും ഭാരതീയ പട്ടികജനസമാജം (ബി.പി.ജെ.എസ്) സംസ്ഥാന പ്രസിഡന്റ് പി.കെ. ബാബുവും ജനറൽ സെക്രട്ടറി സജീവ് പിണർമുണ്ടയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. പട്ടികവിഭാഗക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നവർക്ക് വോട്ടുചെയ്യുമെന്നും നേതാക്കൾ പറഞ്ഞു.

നിയമസഭയിലെ സമുദായസംവരണം പട്ടികജാതി, പട്ടികവർഗങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല. സംവരണാനുകൂല്യത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ അതത് പാർട്ടികളുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. സമുദായങ്ങളുടെ താത്പര്യത്തിന് പരിഗണന നൽകുന്നില്ല. അവകാശ പോരാട്ടങ്ങൾക്ക് തുടക്കംകുറിച്ച് 26ന് ഏലൂരിൽ ബി.പി.ജെ.എസ് മഹാസംഗമം സംഘടിപ്പിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.