ചൂടിൽ കുളിരാൻ ചക്കക്കുരു ഷേക്ക്

Tuesday 07 April 2026 3:26 AM IST

കൊച്ചി: ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് രക്ഷനേടാൻ അടിപൊളി ചക്കക്കുരു ഷേക്ക് ആയാലോ... കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ തയ്യാറാക്കാമെന്നതാണ് പ്രത്യേകത. കൊവിഡ് ലോക്ക്ഡൗൺ കാലത്താണ് ചക്കക്കുരു ഷേക്ക് 'ജനഹൃദയം" കീഴടക്കിയത്.

സവിശേഷ രുചിയും പോഷകസമൃദ്ധിയും വിഭവത്തെ ട്രെൻഡിംഗ് ആക്കി. ചക്കക്കുരു ഷേക്കിന്റെ പല വകഭേദങ്ങൾ അന്ന് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു. ചക്കക്കുരുവിന്റെ ഡിമാൻഡ് കൂടാനും ഇതു കാരണമായി.

എന്നാൽ,​ കൊവിഡ് കഴിഞ്ഞതോടെ ചക്കക്കുരു ഷേക്കിനെ എല്ലാവരും മറന്നു. കിലോയ്ക്ക് 500 രൂപവരെ വിലയുള്ള ബദാമിനേക്കാൾ രുചിയും പോഷകവുമുള്ളതാണ് 25 രൂപ മാത്രം വിലയുള്ള ചക്കക്കുരു. ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചിട്ടും ചക്കക്കുരുവിന്റെ തലവരയ്‌ക്ക് മാറ്റമുണ്ടായില്ല. ദഹനം മെച്ചപ്പെടുത്താനും വിളർച്ച തടയാനും എല്ലുകൾ ബലപ്പെടുത്താനും ചക്കക്കുരു ഷേക്ക് ഉത്തമമാണ്.

സീസൺ അനുകൂലമായാൽ കേരളത്തിൽ പ്രതിവർഷം ശരാശരി 40 കോടി ചക്കകൾ കായ്‌ക്കും. ഫലപ്രദമായ വിനിയോഗമില്ലാത്തതിനാൽ ഇതിന്റെ മൂന്നിലൊന്നും കുരുവടക്കം നശിക്കുകയാണ്.

തയാറാക്കുന്ന വിധം

ചക്കക്കുരു തൊലി കളഞ്ഞ്,​ കുറച്ച് വെള്ളം ചേർത്ത് നന്നായി വേവിക്കുക. ചൂടാറിയ ശേഷം മിക്സിയിൽ പഞ്ചസാരയും ഏലക്കയും ചേർത്ത് അരയ്‌ക്കുക. കാച്ചി തണുപ്പിച്ച് കട്ടിയാക്കിയ പാൽ പാകത്തിനു ചേർത്ത് അടിച്ചെടുക്കുക. ആവശ്യമെങ്കിൽ ബൂസ്റ്റോ ഹോർലിക്സോ വിതറാം.

ചക്കക്കുരുവിലുള്ളത്

  • പ്രോട്ടീൻ
  • ആന്റി ഓക്സിഡന്റുകൾ
  • വിറ്റാമിൻ എ, സി
  • ഫൈബർ
  • പൊട്ടാഷ്യം
  • മഗ്നീഷ്യം