സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് കളവ്: സതീശൻ
Tuesday 07 April 2026 3:44 AM IST
തൊടുപുഴ: സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് കളവാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. വിഴിഞ്ഞം, ഗെയിൽ പദ്ധതികൾ ആരംഭിച്ചത് ഉമ്മൻചാണ്ടി സർക്കാരാണ്. ലൈഫ് മിഷനിൽ ഈ സർക്കാർ പത്തുവർഷം കൊണ്ട് നാലരലക്ഷം വീടും ഉമ്മൻചാണ്ടി സർക്കാർ അഞ്ചുവർഷം കൊണ്ട് അഞ്ചുലക്ഷം വീടുകളുമാണ് പണിതത്. ഇന്ദിര ഗ്യാരന്റി കോൺഗ്രസ് നടപ്പാക്കില്ലെന്ന മുഖ്യമന്ത്റിയുടെ വിമർശനം നിലവാരത്തിന് യോജിക്കുന്നതല്ല. അധികാരത്തിൽവന്ന എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. വയനാട് ഫണ്ടിന്റെ കണക്ക് കെ.പി.സി.സി പുറത്തുവിട്ടിട്ടുണ്ട്. രക്തസാക്ഷിഫണ്ട് തട്ടിക്കുന്ന ശവംതീനികളാണ് സി.പി.എം. എസ്.ഡി.പി.ഐയുമായി സഖ്യംനടത്തുന്ന സി.പി.എം അഭിമന്യുവിന്റെ അമ്മയുടെ കാലിൽവീണ് മാപ്പുപറയണം. നാല് വോട്ടിനുവേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ അതാണ് ചെയ്യുന്നത്.