പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കുന്നതിൽ വീഴ്ച: സുപ്രീംകോടതി #കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ടു ഹാജരാകണം

Tuesday 07 April 2026 3:58 AM IST

ന്യൂഡൽഹി: പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര ഏജൻസികളുടെ ഓഫീസുകളിലും സി.സി.ടി.വി സ്ഥാപിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് സുപ്രീംകോടതി.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ടു ഹാജരാകണമെന്ന്

ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. സി.സി.ടി.വി സ്ഥാപിക്കുന്നതിൽ ജാർഖണ്ഡ് പിന്നിലാണ്. ഡൽഹിയിലെ പൊലീസ് സ്റ്റേഷനുകളിലും കേന്ദ്ര ഏജൻസികളുടെ ഓഫീസുകളിലും പൂർണമായി സ്ഥാപിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാത്തതിലും ഉള്ളവയിൽ പലതും പ്രവർത്തനക്ഷമമല്ലാത്തതിലും സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

പദ്ധതിക്ക് കേന്ദ്രം 60%, സംസ്ഥാനം 40% എന്ന നിലയിലാണ് ഫണ്ട് ചെലവാക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സി.സി.ടി.വി ക്യാമറകൾ ചില സംസ്ഥാനങ്ങളിൽ സ്ഥാപിക്കുന്നുണ്ട്. ഇതു ഡേറ്റ സുരക്ഷയിലെ ആശങ്കയാണെന്നും കോടതി നിരീക്ഷിച്ചു.

കേരളത്തിന്

അഭിനന്ദനം

കേരളം, രാജസ്ഥാൻ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് അമിക്കസ് ക്യൂറിയും മുതിർന്ന അഭിഭാഷകനുമായ സിദ്ധാർത്ഥ് ദവെ അറിയിച്ചു. കേരളത്തിൽ പൊലീസ് ഓഫീസർമാർക്ക് മൊബൈൽ ഫോൺ മുഖേന സ്റ്റേഷനിലെ ദൃശ്യങ്ങൾ തത്സമയം കാണാൻ സംവിധാനമുണ്ടെന്നും വ്യക്തമാക്കി. കേന്ദ്രസ‌ർക്കാരുമായി സഹകരിച്ച് കേരളം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് കോടതി പറഞ്ഞു. കേരളത്തിന് ആകാമെങ്കിൽ മറ്റു സംസ്ഥാനങ്ങൾക്ക് എന്തുകൊണ്ട് സാദ്ധ്യമല്ലെന്നും കോടതി ചോദിച്ചു.