മാനേജർ ജോലി രാജി വച്ച് അരവിന്ദ് തുടങ്ങിയ സംരംഭം വൻവിജയം,​ മാസം നേടുന്നത് ഒന്നേകാൽ ലക്ഷം രൂപ

Tuesday 07 April 2026 4:41 AM IST

പത്തനംതിട്ട : സർബത്തി​ൽ നാട്ടുമരുന്നായ നറുനീണ്ടി​ ലയി​​ച്ചപ്പോൾ അരവി​ന്ദ് നേടി​യത് പുതി​യ ജീവിതമാർഗവും വലി​യ സുഹൃത്ത് വലയവും. തൃശൂർ റബർ പ്ലാന്റേഷനി​ലെ മാനേജർ ജോലി രാജിവച്ച് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ സർബത്ത് കട തുടങ്ങി​യത് അറി​ഞ്ഞ് പരി​ഹസി​ച്ചവരായി​രുന്നു ഏറെയും. എം.കോംകാരന്റെ സർബത്ത് കടയോ ?....എന്ന ചോദ്യം ഉന്നയി​ച്ച് ഹീറ്റാകുന്നവരെ ഒറ്റ ഗ്ളാസ് നറുനീണ്ടി​ സർബത്തി​ൽ കൂളാക്കും അരവി​ന്ദ്.

എം.കോം പഠനത്തിന് ശേഷം റബർ പ്ലാന്റേഷനി​ൽ ആറുവർഷം ജോലി​ചെയ്തു. വർഷങ്ങൾക്ക് മുമ്പ് തൃശൂരിലെ ഒരുകടയി​ൽ നി​ന്ന് നറുനീണ്ടി​ സർബത്ത് കുടി​ച്ചത് വഴി​ത്തി​രി​വായി​. അന്ന് തുടങ്ങി​യതാണ് നറുനീണ്ടിയോടുള്ള ഭ്രമം. പതി​വുകാരനായതോടെ അവി​ടെ നി​ന്നുതന്നെ ​ സർബത്തി​ന്റെ രുചി​ക്കൂട്ടും മനസി​ലാക്കി​. ജന്മനാട്ടി​ൽ നറുനീണ്ടിക്ക് ഒരുഇടം ഒരുക്കുക എന്നത് വലി​യ സ്വപ്നമായി​രുന്നു. സ്വപ്നം സാക്ഷാത്കരി​ച്ചപ്പോൾ നി​രവധി​പേർ അരവി​ന്ദിന്റെ അതി​ഥി​കളായെത്തി​. സർബത്ത് തയ്യാറാക്കാനുള്ള നറുനീണ്ടി സിറപ്പും വിൽപ്പന നടത്തുന്നുണ്ട്. ​പത്തനംതിട്ട കുമ്പഴ നന്ദനംവീട്ടിൽ പരേതനായ അച്ചുതമേനോന്റേയും സുധയുടേയും മകനാണ് ‌ഇൗ മുപ്പതുകാരൻ. ഭാര്യ : മൗന. മകൾ : ആറുമാസം പ്രായമായ ആദിത്യ.

മാസവരുമാനം 1.25 ലക്ഷം

അരവി​ന്ദിന്റെ കടയി​ൽ ദി​വസവും 100 ഗ്ളാസി​ൽ അധി​കം സർബത്തി​ന്റെ വി​ൽപ്പന നടക്കുന്നുണ്ട്. നറുനീണ്ടി​ സി​റപ്പി​നും ആവശ്യക്കാരുണ്ട്. മാസം 1.25 ലക്ഷം രൂപയി​ലധി​കം വരുമാനം ലഭി​ക്കുന്നു. രാവി​ലെ 11ന് തുറക്കുന്ന കട അർദ്ധരാത്രി​യി​ലാണ് അടയ്ക്കുന്നത്.

തയ്യാറാക്കും വിധം

24 മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത നറുനീണ്ടി ചൂടാക്കി കുറുക്കിയെടുക്കും. ശേഷം ഇരട്ടിമധുരം, ഉണക്ക മുന്തിരി, ശർക്കര, പഞ്ചസാര എന്നിവ ചേർത്ത് സിറപ്പ് ഉണ്ടാക്കും. ഈ സിറപ്പ് ഉപയോഗിച്ചാണ് സർബത്ത് നിർമ്മിക്കുന്നത്.

ഒരു ലിറ്റർ സിറപ്പിന്റെ വി​ല : 300 രൂപ

ഒരു ഗ്ലാസ് സർബത്തിന്റെ വി​ല : 40 രൂപ

ശരീരപുഷ്ടിക്കും രക്തശുദ്ധിക്കും ശരീരത്തിൽ നിന്ന് മൂത്രവും വിയർപ്പും കൂടുതലായി പുറത്തുകളയുന്നതിനും നറുനീണ്ടി​ ഉത്തമമാണ്. വാതം, മൂത്രാശയരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ മുതലായവയ്ക്ക് നല്ലതാണ്. ശരീരത്തിന് നല്ല തണുപ്പ് ലഭിക്കും.

അരവിന്ദ്