സീസണായതോടെ കേരളത്തിൽ കൂണുപോലെ പൊട്ടിമുളയ്ക്കുന്നു, ലാഭമുണ്ടാക്കുന്നത് ജനങ്ങളെ പറ്റിച്ച്
കൊച്ചി: ചൂടുകാല വിപണി ലക്ഷ്യമിട്ട് നഗരത്തിലെ കടകളിൽ വ്യാജ ശീതളപാനീയങ്ങൾ നിറയുന്നു. പ്രമുഖ ബ്രാൻഡ് ഉത്പന്നങ്ങളുടെ തനിപ്പകർപ്പാണിവയ്ക്ക്. ഗുണനിലവാരം തീരെയില്ല. ഇത്തരം പാനീയങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഗൗരവമുള്ളതായതിനാൽ വ്യാപക പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ വർഷം പെരുവന്താനത്ത് ശീതളപാനീയം കുടിച്ച വിദ്യാർത്ഥിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായ സാഹചര്യം കൂടി കണക്കിലെടുത്താണ് നടപടി.
10 രൂപ മുതൽ 35 രൂപ വരെയുള്ള നിരക്കിലാണ് ഇവയുടെ വില്പന. കുപ്പിയൊന്നിന് ഉയർന്ന കമ്മീഷൻ ലഭിക്കുന്നതിനാൽ കടയുടമകൾക്കും ഇത്തരം പാനീയങ്ങളോടാണ് താത്പര്യം. ജ്യൂസിനും മറ്റ് ശീതളപാനീയങ്ങൾക്കും ആവശ്യക്കാരേറിയ സാഹചര്യം മുതലെടുത്ത് നിലവാരമില്ലാത്ത പാനീയങ്ങൾ പലയിടത്തും വിറ്റഴിക്കുന്നത്.
നാരങ്ങാവെള്ളം, കുലുക്കി സർബത്ത്, തണ്ണിമത്തൻ ജ്യൂസ്, ഇളനീർ എന്നിവ വില്ക്കുന്ന കടകളിലും വൈകാതെ പരിശോധനയുണ്ടാകും. ശീതളപാനീയം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം, ഐസ്, പാൽ, തൈര് എന്നിവ നിശ്ചിത ഗുണനിലവാരമുള്ളതും സുരക്ഷിതവും ആയിരിക്കണമെന്നാണ് നിബന്ധന. എന്നാൽ, പലയിടത്തും ഇത് പാലിക്കപ്പെടാറില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കും.
കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടരാൻ സാദ്ധ്യതയുള്ളതിനാൽ ശുദ്ധജലം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും വ്യാജന്മാർക്കെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും മുന്നറിയിപ്പ്.
കർശന നിർദ്ദേശം
ജ്യൂസ്, ഫ്രൂട്ട് സലാഡ്, ഫലൂദ, ഷെയ്ക്ക്, ലസ്സി, സർബത്ത്, സംഭാരം തുടങ്ങിയവയിൽ ഉപയോഗിക്കുന്ന പഴങ്ങൾ, ഐസ്, പാൽ, പഞ്ചസാര, നട്‌സ്, തൈര്, എസൻസ്, സിറപ്പ് തുടങ്ങിയവ ഭക്ഷ്യസുരക്ഷാ ലൈസൻസുള്ള സ്ഥാപനങ്ങളിൽനിന്നു മാത്രമേ വാങ്ങാവൂ. ജ്യൂസിനായി ഉപയോഗിക്കുന്ന പഴങ്ങൾ നന്നായി കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്നും കീടബാധയേറ്റ പഴങ്ങളോ നട്‌സോ ഉപയോഗിക്കരുതെന്നും ആരോഗ്യവിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.
തുറന്ന വാഹനത്തിൽ
അങ്ങനെ കൊണ്ടുപോകേണ്ട
ശീതളപാനീയങ്ങൾ തുറന്ന് വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിലക്ക്. നടപടി ഇത്തരം പാനീയങ്ങൾ ചൂടേറ്റാലുണ്ടാകുന്ന രാസമാറ്റം തടയാൻ. ഷീറ്റ് മൂടിയോ, അടച്ചുറപ്പുള്ള വാഹനങ്ങളിലോ മാത്രമേ ഇവ വിതരണത്തിനായി കൊണ്ടുപോകാൻ അനുവദിക്കൂ. നിർദ്ദേശം ലംഘിച്ചാൽ കടുത്ത നടപടി. പരിശോധനകൾ പുരോഗമിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് തിരക്കുകൾ പൂർത്തിയാകുന്നതോടെ നടപടി കടുപ്പിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ്