സ്വർണ വിലയിൽ വൻ ട്വിസ്റ്റ്; ഇന്ന് വിലയിൽ വന്ന മാറ്റം അറിയാതെ പോകരുത്

Tuesday 07 April 2026 10:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 22കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 13,735 രൂപയായി. ഒരു പവന് 600 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,09,880 രൂപയാണ് വിപണി വില. ഈ മാസം ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയത് ഏപ്രിൽ രണ്ടിനാണ്. 1,09,240 രൂപയായിരുന്നു അന്നത്തെ വില.

പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷ സ്വർണ വിലയിലും കുതിപ്പുണ്ടാക്കിയിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇന്നലെ ഔൺസിന് 4,680 ഡോളറിലേക്ക് തിരിച്ചു കയറി. ഡോളറും യു.എസ് ബോണ്ടുകളും ദുർബലമായതിനാൽ നിക്ഷേപകർ വിണ്ടും സ്വർണത്തിലേക്ക് പണമൊഴുക്കി. അമേരിക്കയിൽ പലിശ കുറയാനുള്ള സാഹചര്യമാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നത്. ഇന്നലെ രാവിലെ കേരളത്തിൽ പവൻ വില 1,320 രൂപ കുറഞ്ഞിരുന്നു. എന്നാൽ ആഗോള വിപണിയുടെ ചുവടുപിടിച്ച് ഉച്ചയ്ക്ക് പവൻ വില 1,120 രൂപ ഉയർന്ന് 1,10,480 രൂപയിലെത്തി.

അതേസമയം, അമേരിക്കയും ഇറാനുമായി വെടിനിറുത്തലിന് അരങ്ങോരുങ്ങിയതോടെ ആഗോള വിപണികളിൽ നിക്ഷേപകർക്ക് ആശ്വാസമാകുന്നുണ്ട്. രണ്ടുഘട്ടമായി താത്കാലിക വെടിനിറുത്തലുണ്ടാകുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില താഴേക്ക് നീങ്ങിയതോടെ നിക്ഷേപകർ വീണ്ടും ഓഹരി, സ്വർണം എന്നിവയിലേക്ക് പണമൊഴുക്കി. ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ഓഹരികൾ ഇന്നലെ കനത്ത തകർച്ചയിൽ നിന്നും കരകയറി. വിദേശ, ആഭ്യന്തര നിക്ഷേപകർ ഹ്രസ്വകാലത്തിന് ശേഷം വാങ്ങൽ ശക്തമാക്കി. ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യയിലെ പ്രധാന സൂചികകളും ശക്തമായി തിരിച്ചുകയറി.