കഴക്കൂട്ടം മണ്ഡലം ആർക്കൊപ്പം, ത്രികോണ പോരാട്ടത്തിൽ വിജയം ആർക്ക്? വോട്ടർമാർക്ക് പറയാനുള്ളത് ഇതാണ്
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ശക്തമായ ത്രികോണ പോരാട്ടമുള്ള മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. ബിജെപിക്ക് ഏറെ വിജയപ്രതീക്ഷയുള്ള മണ്ഡലം കൂടിയാണിത്. എ.കെ.ആന്റണിയും എം.വി.രാഘവനുമുൾപ്പെടെ കേരളത്തിലെ തലയെടുപ്പുള്ള നേതാക്കൾ വിജയം കണ്ട മണ്ഡലമാണ് കഴക്കൂട്ടം. ഇക്കുറി ത്രസിപ്പിക്കുന്ന പോരാട്ടത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.
2021ലെ വിജയം ആവർത്തിക്കാനുള്ള പോരാട്ടത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിയെ വിജയതിലകമണിയിക്കാനുള്ള ദൗത്യമാണ് ബിജെപി സ്ഥാനാർത്ഥി വി.മുരളീധരനുള്ളത്. ഇവർക്കിടയിൽ മണ്ഡലവുമായുള്ള ആത്മബന്ധം ഓർമ്മിപ്പിച്ച് നഷ്ടപ്രതാപം തിരിച്ചു കൊണ്ടുവരാൻ യു.ഡി.എഫിന്റെ ടി.ശരത്ചന്ദ്രപ്രസാദും രംഗത്തുണ്ട്. വിജയപ്രതീക്ഷയോടെ മൂന്ന് മുന്നണികളും പ്രചാരണം കടുപ്പിക്കവേ മണ്ഡലത്തിലെ വോട്ടർമാർക്ക് പറയാനുള്ളത് എന്താണെന്ന് നോക്കാം.
രാഷ്ട്രീയത്തിനതീതമായി മണ്ഡലത്തിൽ ഒരുപാട് വികസനപ്രവർത്തനങ്ങൾ ചെയ്തയാളാണ് കടകംപള്ളി സുരേന്ദ്രൻ. ഏതൊരാൾക്കും എപ്പോഴും സമീപിക്കാവുന്നയാൾ. അതിനാൽതന്നെ സാധാരണക്കാരെല്ലാം അദ്ദേഹത്തിന് വോട്ടുനൽകും. കടകംപള്ളി സുരേന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്യും. ഭരണത്തുടർച്ചയുണ്ടാകാനാണ് സാദ്ധ്യത. മിക്കവാറും മണ്ഡലങ്ങളിലും മികച്ച പ്രകടനമാണ് എംഎൽഎമാർ കാഴ്‌ചവച്ചത്. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതുന്നില്ല. രാജ്യത്തിനും സംസ്ഥാനത്തിനും എന്ത് ഗുണങ്ങളാണ് ലഭിച്ചത് എന്നുള്ള കാര്യങ്ങളാണ് വോട്ടർമാർ പരിഗണിക്കുന്നത്. ഒരുപാട് വികസനങ്ങൾ കൊണ്ടുവന്നത് എൽഡിഎഫാണ്. - വേണുഗോപാൽ, അഭിഭാഷകൻ
വി മുരളീധരൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനപ്രവർത്തനങ്ങളും വി മുരളീധരൻ കേന്ദ്രമന്ത്രിയായിരുന്നപ്പോഴുള്ള പ്രവർത്തനങ്ങളും വോട്ടർമാർ കണക്കിലെടുക്കും. മണ്ഡലത്തിൽ പൊതുവിൽ വി മുരളീധരനാണ് മുൻതൂക്കം. അഴിമതി നിറഞ്ഞ സർക്കാരാണ് ഇപ്പോഴുള്ളത്. ശബരിമല പ്രശ്നങ്ങളും മറ്റും കണക്കിലെടുക്കുമ്പോൾ ഭരണമാറ്റം ഉണ്ടാകണമെന്നാണ് ആഗ്രഹം.
- പ്രഹ്ളാദൻ, പ്ളംബർ
എൽഡിഎഫ് തന്നെ ഇനിയും വരണമെന്നാണ് ആഗ്രഹിക്കുന്നത്. നല്ല ഭരണമാണ് അവർ കാഴ്ചവച്ചത്. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ആകുന്നതാണ് നല്ലതെന്ന് കരുതുന്നു.
- ശാന്തി, വീട്ടമ്മ
മാറ്റത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫ് തുടർഭരണത്തിൽ വരണം എന്നാണ് എന്റെ ആഗ്രഹം. മികച്ച വിദ്യാഭ്യാസം, പ്രളയവും മഹാമാരിയും നാടിനെ വിഴുങ്ങിയപ്പോൾ അതിജീവനത്തിന്റെ കരുത്ത് പകർന്ന ആരോഗ്യ മേഖല, മാറ്റങ്ങൾക്ക് വിധേയമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും മാറ്റം കൊണ്ടുവരാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ഉറപ്പുള്ള തീരുമാനങ്ങളോട് യോജിച്ചു നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വീടില്ലാത്തവർക്ക് തലചായ്ക്കാൻ ഒരിടം, വിശക്കുന്നവർക്ക് അത്താണിയായി കമ്മ്യൂണിറ്റി കിച്ചണുകൾ -ഇത്തരത്തിലുള്ള പുതിയ ആശയങ്ങൾ മുന്നോട്ടു വയ്ക്കുവാനും നടപ്പിലാക്കുവാനും ഈ സർക്കാർ തുടരണം.
- അഞ്ജു പി വി, അദ്ധ്യാപിക
കടകംപള്ളി സുരേന്ദ്രൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് കരുതുന്നത്. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന നേതാവാണ് കടകംപള്ളി സുരേന്ദ്രൻ.
- സുമേഷ്, കേരള പൊലീസ്
എന്റെ അഭിപ്രായത്തിൽ കോൺഗ്രസ് ജയിക്കും. പിണറായി സർക്കാരിന്റെ അഴിമതിക്ക് എതിരെ ശക്തമായ മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. സമഗ്രമായ വളർച്ചയും മതേതരത്വവും ദേശീയതയും സാമൂഹിക നീതിയും ഉറപ്പുവരുത്തുന്ന ഒരു പാർട്ടി ആണ് കോൺഗ്രസ്.
- അശ്വതി രാജ്, ബാങ്ക് ജീവനക്കാരി
കോൺഗ്രസ് പാർടിയും കമ്യൂണിസ്റ്റ് പാർടിയും മാറി മാറി ഭരിച്ചിട്ട് എന്താണ് നമുക്ക് കിട്ടിയത്? ബി.ജെ.പി സർക്കാർ വരട്ടെ വികസനം എന്താണെന്ന് അവർ കാണിച്ച് കൊടുക്കും. ഒരുപാട് തൊഴിലവസരങ്ങളും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് ബി.ജെ.പി സർക്കാർ തന്നെ വിജയിക്കും. സാധാരണക്കാരുടെ ഒപ്പം നിന്നുകൊണ്ട് വികസനപാതയിൽ മുന്നേറും. എന്തുകൊണ്ടും ജനങ്ങൾ മാറി ചിന്തിക്കും.
- സുബിൻ ബി, റെയിൽവേ ഉദ്യോഗസ്ഥൻ
പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയായി തുടർഭരണം ഉണ്ടാകണം. കടകംപള്ളി തന്നെ എംഎൽഎയായി വരണം. എൽഡിഎഫ് സർക്കാരിന്റെ കീഴിൽ നല്ല നേട്ടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. വാർദ്ധക്യപെൻഷൻ അടക്കം പിണറായി സർക്കാർ നൽകുന്നുണ്ട്
- ശകുന്തള, വീട്ടമ്മ
കടകംപള്ളി സുരേന്ദ്രൻ തന്നെ വിജയിക്കും. മണ്ഡലത്തിലെ ക്ഷേത്രങ്ങൾക്കും പള്ളികൾക്കുമായി വലിയ തോതിൽ ഫണ്ട് നൽകിയിട്ടുണ്ട്. ക്രിസ്‌ത്യാനിയെന്നോ ഹിന്ദുവെന്നോ നോക്കാതെ വികസപ്രവർത്തനങ്ങൾക്കായി എംഎൽഎ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്.
- ഹാരിസ് സെൽവൻ, മേസൻ
വളരെ മോശം ഭരണമാണ് നിലവിലെ എൽഡിഎഫ് സർക്കാരിന്റേത്. മന്ത്രിസഭയുടെ ക്വാളിറ്റിയും വളരെ മോശമാണ്. എൻഡിഎ ഭരണം വരണമെന്നാണ് ആഗ്രഹം. നല്ല ഭരണം വേണമെന്നുണ്ടെങ്കിൽ എൻഡിഎ അധികാരത്തിൽ വരണം. വി മുരളീധരനിലാണ് പ്രതീക്ഷ. ചെറുപ്പക്കാരല്ലാം വി മുരളീധരനെയാണ് പിന്തുണയ്ക്കുന്നത്.
- വിഷ്ണു, ടെക്കി
എൽഡിഎഫ് തന്നെ വീണ്ടും വരണമെന്നാണ് ആഗ്രഹിക്കുന്നത്. നാടിനുവേണ്ടി അനേകം വികസനങ്ങൾ ഈ സർക്കാർ കൊണ്ടുവന്നു.
- ലല്ലു, നഴ്‌സ്
തുടർഭരണത്തിനായി എൽഡിഎഫ് തന്നെ വരണം. നല്ല ഭരണമാണ് പിണറായി വിജയൻ സർക്കാർ കാഴ്ചവച്ചത്. കടകംപള്ളി സുരേന്ദ്രൻ തന്നെ ഉറപ്പായും വിജയിക്കും.
-ശ്യാമള, മുൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥ