കോട്ട കാക്കാൻ 'ദാസേട്ടൻ', നഷ്ടപ്രതാപം വീണ്ടെടുക്കാൻ യുഡിഎഫ്; കൊയിലാണ്ടിയിൽ 'കാറ്റ്' എങ്ങോട്ട് വീശും?
കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ മണ്ണായ കൊയിലാണ്ടി ഇന്ന് ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായാണ് അറിയപ്പെടുന്നത്. 1951ൽ മണ്ഡലം രൂപീകൃതമായ കാലം മുതൽ ഇടതിനെയും വലതിനെയും ഒരുപോലെ സ്വീകരിച്ച പാരമ്പര്യമാണ് കൊയിലാണ്ടിക്കുള്ളതെങ്കിലും, സമീപകാല ചരിത്രം ഇടതുപക്ഷത്തിന് അനുകൂലമാണ്. യു.ഡി.എഫിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തിൽ, 2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരു വഴിത്തിരിവായിരുന്നു. അന്ന് കോൺഗ്രസിനെ കൈവിട്ട മണ്ഡലം പിന്നീട് എൽ.ഡി.എഫിന്റെ കരുത്തായി മാറി.
ജില്ലയിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ അവസാനമായി വിജയിച്ചുകയറിയ മണ്ഡലങ്ങളിൽ ഒന്നുകൂടിയാണ് കൊയിലാണ്ടി. എന്നാൽ പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ മണ്ഡലം തിരിച്ചുപിടിക്കാൻ യു.ഡി.എഫിന് സാധിച്ചിട്ടില്ല. പി. വിശ്വനിലൂടെ മണ്ഡലം പിടിച്ചെടുത്ത ഇടതുപക്ഷം പിന്നീട് കെ. ദാസനിലൂടെയും കാനത്തിൽ ജമീലയിലൂടെയും ആധിപത്യം ഉറപ്പിച്ചു. നിലവിൽ എൽ.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമായി കൊയിലാണ്ടി മാറിയിരിക്കുകയാണ്.
മണ്ഡലത്തെ മുൻപ് എൽഡിഎഫിനായി പ്രതിനിധീകരിച്ചിട്ടുള്ള പരിചയസമ്പന്നനായ കെ ദാസൻ, കോൺഗ്രസ് നിരയിലെ കരുത്തനായ അഡ്വ.കെ പ്രവീൺകുമാർ, യുവത്വത്തിന്റെ പ്രസരിപ്പുമായി ബി.ജെ.പി നിരയിൽ നിന്നുള്ള സിആർ പ്രഫൂൽ കൃഷ്ണൻ എന്നിവരാണ് മാറ്റുരയ്ക്കുന്നത്. മാറിമറിയുന്ന രാഷ്ട്രീയ കാറ്റിൽ കൊയിലാണ്ടി ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നത് കേരളം ഉറ്റുനോക്കുന്ന ഒന്നാണ്. കോട്ട കാക്കാൻ ഇടതുപക്ഷവും നഷ്ടപ്രതാപം വീണ്ടെടുക്കാൻ വലതുപക്ഷവും സ്വാധീനം വർധിപ്പിക്കാൻ എൻഡിഎയും കടുത്ത പോരാട്ടത്തിന് ഒരുങ്ങുമ്പോൾ, കാറ്റ് എങ്ങോട്ട് വീശും?
യുഡിഎഫും ഗ്രൂപ്പ് തർക്കവും
പരമ്പരാഗതമായി ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള മണ്ഡലമാണെങ്കിലും, വലതുപക്ഷത്തിന് കൃത്യമായ സ്വാധീനമുള്ള മണ്ഡലമാണ് കൊയിലാണ്ടി. കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും ഗ്രൂപ്പ് വഴക്കുകളുമാണ് മുൻകാലങ്ങളിൽ എൽ.ഡി.എഫിന് അഞ്ച് തവണ ഇവിടെ ജയമൊരുക്കിയത്. എന്നാൽ ഇത്തവണത്തെ പോരാട്ടം പഴയതുപോലെയല്ല. 1971ന് ശേഷം ആദ്യമായാണ് ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അതീതനായി ഒരു സ്ഥാനാർത്ഥിയെ കോൺഗ്രസ് ഇവിടെ അവതരിപ്പിക്കുന്നത്. പ്രവീൺകുമാർ എന്ന പൊതുസമ്മതനായ യുവ നേതാവ് സ്ഥാനാർത്ഥിയായതോടെ യു.ഡി.എഫ് ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലാണ്. പാർട്ടിക്കുള്ളിലെ ഐക്യം വോട്ടായി മാറുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
പരിചയസമ്പന്നതയിൽ ഉറച്ച് 'ദാസേട്ടൻ'
കാനത്തിൽ ജമീലയുടെ വിയോഗത്തിന് ശേഷം മണ്ഡലം നിലനിർത്താൻ സി.പി.എം തിരഞ്ഞെടുത്തത് ഏറ്റവും വിശ്വസ്തനായ നേതാവിനെയാണ്. രണ്ട് ടേം പൂർത്തിയാക്കിയ മുൻ എം.എൽ.എ കെ. ദാസനെ തന്നെ വീണ്ടും രംഗത്തിറക്കിയതിലൂടെ പരീക്ഷണങ്ങൾക്കൊന്നും ഇടതുമുന്നണി മുതിരുന്നില്ല. ജനങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ വ്യക്തിബന്ധങ്ങളും വികസന തുടർച്ചയുമാണ് എൽ.ഡി.എഫിന്റെ പ്രധാന ആയുധങ്ങൾ.
യുവവീര്യവുമായി പ്രഫുൽ കൃഷ്ണ
ജില്ലയിലെ കരുത്തുറ്റ യുവ നേതാവായ സി.ആർ. പ്രഫുൽ കൃഷ്ണനെ രംഗത്തിറക്കിയതിലൂടെ ത്രികോണ മത്സരത്തിനുള്ള കളമൊരുക്കാനാണ് എൻ.ഡി.എ ശ്രമം. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രഫൂൽ കൃഷ്ണയുടെ പ്രചാരണരീതി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ കൈവരിച്ച വോട്ട് വർദ്ധനവ്. ഇക്കാര്യങ്ങൾ വോട്ടായി മാറുമെന്നും കൊയിലാണ്ടിയിൽ അട്ടിമറി വിജയം നേടാമെന്നും ബി.ജെ.പി വിശ്വസിക്കുന്നു. എന്നാൽ 2016നെ അപേക്ഷിച്ച് 2021ൽ വോട്ട് കുറഞ്ഞ മണ്ഡലങ്ങളിൽ ഒന്നാണ് കൊയിലാണ്ടി.