'സച്ചിനെ കണ്ടു പഠിക്കൂ, വിമർശകർക്ക് മറുപടി നൽകേണ്ടത് ബാറ്റു കൊണ്ട്'; ഐപിഎൽ താരത്തിന് സെവാഗിന്റെ ഉപദേശം
മുംബയ്: ഐപിഎൽ സീസണിൽ സ്‌ട്രൈക്ക് റേറ്റിന്റെ പേരിൽ വിമർശനം നേരിടുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിങ്ക്യ രഹാനെയ്ക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. വിമർശനങ്ങൾക്കിടയിലും ശാന്തത പാലിച്ച് പ്രകടനം കൊണ്ട് വേണം മറുപടി നൽകേണ്ടതെന്നും സെവാഗ് പറഞ്ഞു. ക്രിക്ബസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടികാണിച്ചത്.
കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് പിന്നാലെ തന്റെ ബാറ്റിംഗിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് രഹാനെ അൽപ്പം രൂക്ഷമായാണ് പ്രതികരിച്ചത്. തന്റെ സ്‌ട്രൈക്ക് റേറ്റിനെ വിമർശിക്കുന്നവർക്ക് തന്നോട് അസൂയ ആണെന്നായിരുന്നു രഹാനെയുടെ മറുപടി.
കൂടാതെ, ടീമിലെ വിലകൂടിയ താരം കാമറൂൺ ഗ്രീൻ എന്തുകൊണ്ട് ബൗൾ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് രഹാനെയുടെ മറുപടിയും വലിയ ചർച്ചയായിരുന്നു. എപ്പോഴും ശാന്തനായി കാണപ്പെടാറുള്ള രഹാനെയുടെ പ്രകോപനപരമായ പെരുമാറ്റമാറ്റത്തെയാണ് സെവാഗ് വിമർമിശിച്ചത്. സച്ചിൻ ടെണ്ടുൽക്കറെയും അമിതാഭ് ബച്ചനെയും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
'കളിക്കാർ ഇങ്ങനെയൊക്കെയുള്ള കാര്യങ്ങൾ വിളിച്ചു പറയേണ്ടവരാണെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം ടീമിന്റെ ക്യാപ്ടനാണ്. കാമറൂൺ ഗ്രീൻ എന്തുകൊണ്ട് ബൗൾ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് കൃത്യമായ മറുപടി കയ്യിലില്ലാത്തതുകൊണ്ടാവാം 'പോയി ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ചോദിക്കൂ' എന്നൊക്കെ പറഞ്ഞത്.
വിമർശകർക്ക് മറുപടി നൽകാനാണ് അവർ ശ്രമിക്കുന്നത്. പക്ഷേ അമിതാഭ് ബച്ചനെപ്പോലെയുള്ളവർ പോലും തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് മറുപടി പറയാൻ പോകാറില്ല. ഇതിലും വലിയ ഉദാഹരണം നമ്മുടെ സച്ചിൻ തന്നെയാണ്. ഒരു പത്രം അദ്ദേഹത്തെ 'എൻഡുൽക്കർ' (കളി അവസാനിച്ചു എന്ന അർത്ഥത്തിൽ) എന്ന് വരെ എഴുതി പരിഹസിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹം മിണ്ടിയില്ല.
അതുകൊണ്ട് എനിക്ക് പറയാനുള്ളത് മിണ്ടാതിരുന്ന് പോയി ഒരു സെഞ്ച്വറി അടിക്കുക എന്നാണ്. അപ്പോൾ എല്ലാവരും താനേ വായടച്ചോളും. സമാധാനമായിട്ട് സ്വന്തം ജോലിയിൽ മാത്രം ശ്രദ്ധിക്കുക. അല്ലാതെ ഇത്തരം കാര്യങ്ങൾക്കൊന്നും മറുപടി കൊടുക്കേണ്ട ഒരാവശ്യവുമില്ല.'- സേവാഗ് കൂട്ടിച്ചേർത്തു.