മുഖ്യമന്ത്രിയുടെ സമനില തെറ്റി: വി.ഡി. സതീശൻ
Wednesday 08 April 2026 12:34 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ സമനില തെറ്റിയ നിലയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി 'ഡാഷ്" പൂരിപ്പിച്ചിരുന്നെങ്കിൽ കേരളത്തിനാകെ നാണക്കേടായി മാറിയേനേയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നീ പോ മോനേ വിജയാ... എന്ന തെലങ്കാന മുഖ്യമന്ത്രിയുടെ പരാമർശത്തിന് ഡാഷ് മോനേ രേവന്താ എന്നേ പിണറായി പറഞ്ഞുള്ളൂവെന്നത് ഭാഗ്യം. ഒന്നുകൂടി സമനില തെറ്റിയാൽ ഡാഷും കൂടി പൂരിപ്പിച്ചേനെ. കേരളം അപമാനത്തോടെ തലകുനിച്ച് നിൽക്കേണ്ടി വരുമായിരുന്നു. പ്രളയവുമായി ബന്ധപ്പെട്ട മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ ഗൗരവമുള്ളതാണ്. മന്ത്രി കെ. കൃഷ്‌ണൻകുട്ടി രാജിവയ്‌ക്കണം. പ്രളയം മനുഷ്യനിർമ്മിതമാണെന്ന ആരോപണം അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.