"ടീം യു.ഡി.എഫ്" എന്ന പേരിനെ പരിഹസിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: യു.ഡി.എഫിന്റെ പേര് ഐക്യജനാധിപത്യമുന്നണി എന്നായിരിക്കെ ടീം-ടീം എന്നാവർത്തിക്കുന്നത് പ്രസവവാർഡിന് മുന്നിൽ സ്ത്രീകൾക്ക് മാത്രം എന്നെഴുതി വയ്ക്കും പോലെയെന്ന പരിഹാസവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബി.ജെ.പിയുമായുളള ഡീൽ തങ്ങളെ രക്ഷിക്കില്ലെന്ന് യു.ഡി.എഫ് നേതൃത്വത്തിന് ബോദ്ധ്യമായിരിക്കുന്നു.
കോൺഗ്രസിലെ പാളയത്തിൽപ്പട കൂടിയായപ്പോൾ പ്രതീക്ഷയുടെ അവസാനത്തെ കച്ചിതുരുമ്പും അവർക്ക് നഷ്ടമാകുന്നു.അത് മറച്ചുവയ്ക്കാനാണ് പ്രതിപക്ഷ നേതാവ് ''ടീം യു.ഡി.എഫ്'' എന്ന് തറപ്പിച്ചും കനപ്പിച്ചും പറയുന്നത്.
വി.ഡി.സതീശനെ കാട്ടിലേക്ക് അയയ്ക്കാൻ തിടുക്കം കൊള്ളുന്ന കോൺഗ്രസ് നേതാക്കൾ ഓരോരുത്തരും വ്യത്യസ്ഥമായ ടീമുകളാണെന്ന സത്യം ജനങ്ങൾ കാണുന്നുണ്ട്.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ കോൺഗ്രസ്,ബി.ജെ.പി നേതാക്കന്മാർ നുണപ്രചാരണത്തിന് ആക്കം കൂട്ടുന്നത് പരാജയഭീതി മൂടിവയ്ക്കാനാണ്.ജനങ്ങൾ അവർക്ക് ബാലറ്റിലൂടെ മറുപടി നൽകുമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.