ലീഗിന് കീഴ്പ്പെട്ട കോൺഗ്രസും ശബരിമല കൊള്ളയടിച്ച സി.പി.എമ്മും പരാജയപ്പെടും

Wednesday 08 April 2026 12:50 AM IST

സി.പി.എമ്മിന്റെ ശബരിമല സ്വർണക്കൊള്ളയും മുസ്ലിം ലീഗിന് കീഴ്‌പ്പെട്ട കോൺഗ്രസ് രാഷ്ട്രീയവും തിരഞ്ഞെടുപ്പിൽ ചർച്ചയാണ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ശബരിമല യുവതീ പ്രവേശനത്തിൽ സി.പി.എം യു ടേൺഎടുത്തിരിക്കുന്നത്. സുപ്രീംകോടതിയിൽ നിലപാടുമാറ്റിയ സർക്കാരിന്റെയും സി.പി.എമ്മിന്റെയും തീരുമാനത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ശബരിമല പ്രക്ഷോഭ സമയത്ത് ഭക്തരുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കാൻ തയ്യാറാവണം. അയ്യപ്പ ഭക്തരോട് അന്ന് ചെയ്ത തെറ്റ് പരിഹരിക്കാനുള്ള അവസരമാണിത്. ശബരിമലയിലെ സ്വർണം കട്ടത് സി.പി.എമ്മാണെങ്കിൽ അത് വിൽക്കാൻ ഇടനിലക്കാരായത് കോൺഗ്രസാണ്.

ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രനിലപാടുള്ള സംഘടനകളുമായി കോൺഗ്രസ് ഉണ്ടാക്കിയിരിക്കുന്ന സഖ്യം കേരളത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണ്. കോൺഗ്രസ് ഇന്ന് മുസ്ലിം ലീഗിന് മുന്നിൽ പൂർണമായും അടിയറവ് പറഞ്ഞിരിക്കുകയാണ്. അധികാരത്തിലെത്തിയാൽ ഉപമുഖ്യമന്ത്രി പദം നൽകുമെന്ന രഹസ്യ ഡീൽ കോൺഗ്രസിനും മുസ്ലിംലീഗിനും ഇടയിലുണ്ട്.

പ്രീണന രാഷ്ട്രീയത്തിനുവേണ്ടി നാടിന്റെ ഭാവി തകർക്കുന്ന ഇടത്- വലത് മുന്നണികൾക്ക് ബദലായി ബി.ജെ.പി വികസനത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്. മോദി സർക്കാരിന്റെ വികസന പദ്ധതികൾ കേരളത്തിന്റെ മണ്ണിൽ നടപ്പിലാക്കാനും അഴിമതി രഹിതവും ഭയരഹിതവുമായ കേരളം കെട്ടിപ്പടുക്കുകയുമാണ് എൻ.ഡി.എയുടെ ലക്ഷ്യം.

ഭാരതം ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി കുതിക്കുമ്പോൾ, വിഭവസമൃദ്ധമായ നമ്മുടെ കേരളം മാത്രം വികസന മുരടിപ്പിലും കടക്കെണിയിലും ഉഴലുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം അനിവാര്യമാണ്. അഴിമതിയും പ്രീണന രാഷ്ട്രീയവും അവസാനിപ്പിച്ച്, വികസനത്തിന്റെ പുതിയൊരു പാതയിലേക്ക് കേരളത്തെ നയിക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം.

 ബി.ജെ.പി ലക്ഷ്യം,​ കേരള പുരോഗതി

കേരളത്തിലെ യുവാക്കൾക്ക് നമ്മുടെ മണ്ണിൽ തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. ലോകം ഡിജിറ്റൽ വിപ്ലവത്തിലൂടെ കടന്നുപോകുമ്പോൾ കേരളത്തെ 'ഗ്ലോബൽ ടെക് ഹബ്ബ്" ആക്കി മാറ്റാൻ നമുക്ക് സാധിക്കും. മോദി സർക്കാർ നൽകുന്ന ദേശീയപാതാ വികസനവും വന്ദേഭാരത് ട്രെയിനുകളും കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയെ അടിമുടി പരിഷ്‌കരിക്കും. സഹകരണ ബാങ്ക് തട്ടിപ്പുകളും പിൻവാതിൽ നിയമനങ്ങളും ഇല്ലാത്ത, അഴിമതിരഹിതമായ കേരളമാണ് ബി.ജെ.പിയുടെ വാഗ്ദാനം. വിശ്വാസത്തെയും ആചാരങ്ങളെയും സംരക്ഷിച്ചുകൊണ്ട് പുരോഗതിയിലേക്ക് കുതിക്കുന്ന കേരളമാണ് നമുക്ക് വേണ്ടത്. വികസിത ഭാരതത്തിനൊപ്പം നിൽക്കുന്ന വികസിത കേരളത്തിനായി നമുക്ക് കൈകോർക്കാം. മാറ്റം നമ്മളിൽ നിന്ന് തുടങ്ങട്ടെ.