'അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലെ അജൻഡ എന്ത്" മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെ.സി
ആലപ്പുഴ: ഡീൽ ആരോപണമുൾപ്പെടെയുള്ള പത്തു ചോദ്യങ്ങളുള്ള തുറന്ന കത്ത് മുഖ്യമന്ത്രി പിണറായി വിജയനയച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേന്ദ്രമന്ത്രി അമിത് ഷായുടെ വസതിയിൽ കൂടിക്കാഴ്‌ച നടത്തിയതിനു പിന്നിലെ അജൻഡ എന്ത്, അവിടെയാണോ ഡീലുണ്ടായത്, കേരള ഹൗസിൽ ഉദ്യോഗസ്ഥരെ ഒഴിവാക്കി കേന്ദ്രമന്ത്രി നിർമ്മല സീതാരാമന് പ്രഭാത ഭക്ഷണമൊരുക്കിയത് എന്തു ഡീൽ ഉറപ്പിക്കാനായിരുന്നു, സി.പി.ഐയുടെ എതിർപ്പിനെ മറികടന്ന് ബി.ജെ.പിയുമായി ധാരണയിലെത്തി പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് എന്ത് ഡീൽ, സി.പി.ഐ സംസ്ഥാന നേതൃത്വത്തെ എന്തിനാണ് കബളിപ്പിച്ചത്, ലേബർ കോഡിൽ രഹസ്യമായി ചട്ടം രൂപീകരിച്ചത് ആരെ പേടിച്ച്, തൊഴിലാളി യൂണിയനുകളുടെ രജിസ്ട്രേഷൻ ഫീസ് ആയിരത്തിൽ നിന്ന് 10,000 രൂപയാക്കിയത് ആരെ തൃപ്‌തിപ്പെടുത്താൻ, എസ്.എൻ.സി ലാവ്‌ലിൻ കേസിൽ സുപ്രീംകോടതിയിലെ വിചാരണ നടപടികൾ 40ലേറെ തവണ മാറ്റി വയ്‌ക്കാൻ കേന്ദ്ര സർക്കാർ വഴിയൊരുക്കുന്നത് താങ്കൾക്കുള്ള പാരിതോഷികമോ, തലസ്ഥാനത്തെ നക്ഷത്ര ഹോട്ടലിൽ ശ്രീ എമ്മിന്റെ മദ്ധ്യസ്ഥതയിൽ താങ്കളും ബി.ജെ.പി നേതാക്കളും തമ്മിലുണ്ടാക്കിയ ധാരണ എന്ത് തുടങ്ങിയ ചോദ്യങ്ങളാണ് വേണുഗോപാൽ മുഖ്യമന്ത്രിയോട് ഉന്നയിച്ചത്.