യാത്രക്കാ‌ർക്ക് തുണയായി​ ആർ.പി.എഫ്: 2.37 ലക്ഷംരൂപയുടെ സാധനങ്ങൾ ഉടമകൾക്ക് കൈമാറി

Wednesday 08 April 2026 2:43 AM IST

നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെടുത്ത ബാഗ് ഉടമയുടെ ബന്ധുവിന് ആർ.പി.എഫ് എ.എസ്.ഐ കെ.ആർ. ഉണ്ണിക്കൃഷ്ണൻ കൈമാറുന്നു

കൊച്ചി: റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും യാത്രക്കാർ മറന്നുവച്ച വിലപിടിപ്പുള്ള സാധനങ്ങൾ ഉടമകൾക്ക് കൈമാറി ആർ.പി.എഫ് ഉദ്യോഗസ്ഥർ. ഇന്നലെ രാവിലെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ കൊല്ലത്തേക്കുപോയ യാത്രക്കാരൻ സ്റ്റേഷനിൽ ക്ലോക്കുറൂമിന് സമീപം മറന്നുവച്ചുപോയ സ്വർണാഭരണങ്ങളുൾപ്പെടെ രണ്ടുലക്ഷം രൂപയുടെ സാധനങ്ങളടങ്ങിയ ബാഗും തൃശൂർ സ്വദേശിയായ യാത്രക്കാരൻ ട്രെയിനിൽ മറന്നുവച്ച 37,000 രൂപയുടെ മൊബൈൽഫോണുമാണ് ആർ.പി.എഫ് കണ്ടെടുത്തത്.

റെയിൽവേ ഡോക്ടറായി വിരമിച്ച എറണാകുളം സ്വദേശി സുധർമ്മനാണ് മൂന്ന് സ്വർണമോതിരങ്ങളും ഒരുജോഡി സ്വർണക്കമ്മൽ സ്റ്റഡുകളും 340രൂപയും തിരിച്ചറിയൽ, ക്രെഡിറ്റ് കാർഡുകളും അടങ്ങിയ ചെറുബാഗ് നോർത്ത് സ്റ്റേഷനിൽ മറന്നുവച്ചത്. ഇക്കാര്യമറിയാതെ വന്ദേഭാരത് ട്രെയിനിൽ യാത്ര തുടരുന്നതിനിടെ നോർത്ത് ആർ.പി.എഫ് അദ്ദേഹത്തെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. നോർത്ത് ആർ.പി.എഫ് എ.എസ്.ഐ കെ.ആർ. ഉണ്ണിക്കൃഷ്ണനും കോൺസ്റ്റബിൾ കമൽസിംഗും പ്ലാറ്റ്ഫോം പരിശോധന നടത്തുന്നതിനിടെയാണ് ബാഗ് ശ്രദ്ധയിൽപ്പെട്ടതും അതിൽ കണ്ട ഫോൺനമ്പരിൽ ഡോക്ടറുമായി ബന്ധപ്പെട്ടതും. അദ്ദേഹത്തിന്റെ ബന്ധു ഹെൽത്ത് ഇൻസ്പെക്ടർ അരുൺ വിജയൻ ആർ.പി.എഫ് സ്റ്റേഷനിലെത്തി​ സാധനങ്ങൾ ഏറ്റുവാങ്ങി.

ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിലെ ജനറൽ കോച്ചിൽ സഞ്ചരിച്ച യാത്രക്കാരൻ കെ.എസ്. ജി​തി​നാണ് മൊബൈൽഫോൺ എടുക്കാതെ ആലുവ സ്റ്റേഷനിൽ ഇറങ്ങിയത്. ആലുവ ആർ.പി.എഫ് അറിയിച്ചതിനെ തുടർന്ന് ട്രെയിൻ നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ നോർത്ത് ആർ.പി.എഫ് വനിതാ കോൺസ്റ്റബിൾ പി.പി. മിനി കോച്ചിൽനിന്ന് ഫോൺ കണ്ടെടുത്തു. ജിതി​ൻ പിന്നീട് ഇവിടെയെത്തി ഏറ്റുവാങ്ങി.