പ്രചാരണക്കാറ്റടങ്ങി ഇനി ജനം പറയും : കേരളത്തിൽ നാളെ വിധിയെഴുത്ത്

Wednesday 08 April 2026 2:09 AM IST

തിരുവനന്തപുരം: വിവാദങ്ങളും വാഗ്ദാനങ്ങളും കൊഴുപ്പേകിയ പ്രചാരണക്കൊടുങ്കാറ്റ് ശമിച്ചു. ഇനി ജനമനസിന്റെ വിധിയെഴുത്ത്. കേരളം നാളെ ബൂത്തിലേക്ക്. കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടത്തിൽ മൂന്നാമൂഴം ഉറപ്പെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്. ഭരണവിരുദ്ധ വികാരത്തിൽ അധികാരം തിരിച്ചു പിടിക്കാമെന്ന പ്രത്യാശയിൽ യു.ഡി.എഫ്. കേരളത്തിൽ വിജയിക്കുന്ന മുന്നണിയാകാൻ കഴിയുമെന്ന വിശ്വാസത്തിൽ എൻ.ഡി.എ.

മൂന്നു മുന്നണികൾക്കും ആത്മവിശ്വാസം വാനോളം. എന്നാൽ, ഇതുവരെ നടത്തിയ പ്രചാരണം എത്രത്തോളം ഏശിയെന്ന ആകാംക്ഷ ബാക്കി. ജാതി, സമുദായ സമവാക്യങ്ങൾ സൃഷ്ടിക്കുന്ന അടിയൊഴുക്കുകൾ വിധി നിർണയത്തിൽ സുപ്രധാന ഘടകമാകും.

രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സർക്കാരെന്ന നിലയിൽ ഭരണനഷ്ടം സംഭവിച്ചാൽ സി.പി.എമ്മിനും മുന്നണിക്കും കനത്ത ആഘാതമാകും. എന്നാൽ, പത്തുവർഷത്തെ വികസനം തുണയ്ക്കുമെന്ന പ്രപ്രതീക്ഷയിലാണ് എൽ.ഡി.എഫ്. പത്തുവർഷത്തെ കാത്തിരിപ്പിനുശേഷം വീണ്ടും പ്രതിപക്ഷത്തായാൽ പാർട്ടിയും മുന്നണിയും ശിഥിലമാവുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. എന്നാൽ, ഭരണവിരുദ്ധ വികാരത്തിലൂടെ ഇത് മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ്.

കേരളത്തിൽ അധികാരം പിടിക്കുന്നതിന് അടിത്തറ പാകാൻ ഒന്നിലേറെ സീറ്റുകളിൽ വിജയം പ്രതീക്ഷിക്കുകയാണ് ബി.ജെ.പി. മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ അതിന് സഹായകമാകുമെന്നും കണക്കുകൂട്ടുന്നു.

ആശങ്ക, പ്രതീക്ഷ

എൽ.ഡി.എഫ്

പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ ഉയർത്തിയ കലാപക്കൊടി പൊട്ടിത്തെറിയിലെത്തിയത് സി.പി.എം നേതൃത്വത്തെ തുടക്കത്തിൽ അന്ധാളിപ്പിച്ചു.

മുൻമന്ത്രി ജി.സുധാകരന്റെ വെല്ലുവിളി ആലപ്പുഴയിലെ പാർട്ടിയെ ഒറ്റക്കെട്ടായി അണിനിരത്തി നേരിടാൻ കഴിഞ്ഞെന്ന് വിലയിരുത്തൽ

 2021ലെ പ്രകടനപത്രിയിലെ 900 വാഗ്ദാനങ്ങളിൽ 874 എണ്ണവും നടപ്പാക്കാനായെന്ന് കാട്ടി പുറത്തിറക്കിയ പ്രോഗ്രസ് കാർഡ് അനുകൂലമാകുമെന്ന പ്രതീക്ഷ.

യു.ഡി.എഫ്

കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര,കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപയടക്കം ഇന്ദിര ഗ്യാരന്റിയിൽ പ്രതീക്ഷ

ഭരണവിരുദ്ധ വികാരത്തിലൂടെയുണ്ടാകുന്ന തരംഗത്തിൽ മികച്ച മാർജിനിൽ വിജയിക്കാമെന്ന പ്രത്യാശ.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ വോട്ടെടുപ്പിൽ പ്രതിഫലിക്കുമോ എന്ന് ആശങ്ക.

എൻ.ഡി.എ

വികസിത കേരളമെന്ന മോദി ഗ്യാരന്റിയിലൂടെ ജനമനസിൽ ഇടംനേടാനായെന്ന പ്രതീക്ഷ

വിവാദങ്ങളിൽ തലവയ്ക്കാതെ വികസനത്തിലൂന്നിയുള്ള പ്രചാരണം. ഒന്നിലേറെ സീറ്റുകളിൽ വിജയിക്കാനാവുമെന്ന കണക്കുകൂട്ടൽ.

കോൺഗ്രസ് ഉയർത്തിയ സി.പി.എം- ബി.ജെ.പി ഡീൽ വിവാദം തിരിച്ചടിയാകുമോ എന്ന് ആശങ്ക.

 പരസ്പരം പഴിചാരൽ

എസ്.ഡി.പി.ഐയുടെ പിന്തുണയുടെ പേരിൽ എൽ.ഡി.എഫിനെ യു.ഡി.എഫും, ജമാ അത്തെ ഇസ്ലാമിയുടെ പേരിൽ യു.ഡി.എഫിനെ എൽ.ഡി.എഫും പരസ്പരം കുറ്റപ്പെടുത്തുന്നു. യു.ഡി.എഫ് വന്നാൽ ഭരണത്തിൽ മേധാവിത്വം മുസ്ലിംലീഗിനായിരിക്കുമെന്ന ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെയും സി.പി.എം നേതാവ് എ.വിജയരാഘവന്റെയും വാക്കുകളിൽ യു.ഡി.എഫ് നേതൃത്വം കാണുന്നത് ഒരേസ്വരം.