സംരക്ഷണമാവശ്യപ്പെട്ട് ജി. സുധാകരൻ ഹൈക്കോടതിയിൽ

Wednesday 08 April 2026 2:16 AM IST

അമ്പലപ്പുഴ: വോട്ടെടുപ്പ് ദിനത്തിൽ അക്രമ സാദ്ധ്യതയുള്ളതിനാൽ സംരക്ഷണമാവശ്യപ്പെട്ട് അമ്പലപ്പുഴയിലെ സ്വതന്ത്റ സ്ഥാനാർത്ഥി ജി.സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു. സി.പി.എം സഹായത്തോടെ അമ്പലപ്പുഴയിൽ എസ്.ഡി.പി.ഐ കലാപത്തിന് ശ്രമിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും അമ്പലപ്പുഴ ‌ഡിവൈ.എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്. തനിക്ക് വോട്ട് ചെയ്യാനെത്തുന്നവരെ തടയുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ച് അമ്പലപ്പുഴ സി.പി.എം ഏരിയാ കമ്മി​റ്റി അംഗം പ്രശാന്ത് എസ്.കുട്ടി, അരുൺ, എസ്.‌ഡി.പി.ഐ ജില്ലാ സെക്രട്ടറി റിയാസ് കെ.പൊന്നാട് എന്നിവർക്കെതിരെയാണ് പരാതിപ്പെട്ടത്.

തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടും ഒന്നും ചെയ്യുന്നില്ലെന്നും ജി.സുധാകരൻ ആരോപിച്ചു. സി.പി.എം, എസ്.ഡി.പി.ഐ നേതാക്കൾ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും തന്റെ ഡ്രൈവർ പ്രദീപിന് വധ ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. അന്വേഷണം നടത്തുമെന്ന് ആലപ്പുഴ എസ്.പി മോഹനചന്ദ്രൻ അറിയിച്ചു.