ആരോഗ്യത്തിൽ ശ്രദ്ധവേണം, തിരഞ്ഞെടുപ്പ് ചൂടിൽ തളരരുത്

Wednesday 08 April 2026 12:51 AM IST

പത്തനംതിട്ട : താപനില കൂടിവരുന്ന സാഹചര്യത്തിൽ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരും വോട്ടർമാരും ആരോഗ്യത്തിൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്.

പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ സ്ഥിരമായി കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ കയ്യിൽ കരുതുകയും കൃത്യസമയത്ത് കഴിക്കുകയും വേണം. രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവർ ചികിത്സാവിവരങ്ങൾ, കഴിക്കുന്ന മരുന്നുകൾ, ഇൻസുലിൻ ഡോസ് എന്നിവ എഴുതിയത് കയ്യിൽ കരുതണം. ചെറിയ ശാരീരിക അസ്വസ്ഥതകൾ പോലും അവഗണിക്കരുത്. മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ശ്രദ്ധിക്കണം. കുഴഞ്ഞു വീഴൽ പോലെയുള്ള അടിയന്തിര ഘട്ടങ്ങളിൽ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്തുക.

സൂര്യാഘാതം പ്രഥമ ശുശ്രൂഷ

1. തണലുള്ള സ്ഥലത്ത് വിശ്രമിക്കുക. 2. കട്ടി കൂടിയ വസ്ത്രങ്ങൾ ഒഴിവാക്കുക. 3. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാൻ, എസി എന്നിവയുടെ

സഹായത്താൽ ശരീരം തണുപ്പിക്കുക.

4. ആംബുലൻസ് സഹായം തേടുക. 5. ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുക, ബോധക്ഷയം ഉണ്ടാവുകയോ

ചെയ്താൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തണം.

ഹെൽപ്പ് ലൈൻ നമ്പർ : 1056

പോളിംഗ് സാമഗ്രി വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ മെഡിക്കൽ

ടീമിന്റെ സേവനം ലഭ്യമാണ്.

ഡോ.എൽ.അനിതകുമാരി

ജില്ലാ മെഡിക്കൽ ഓഫീസർ