കേരളത്തിലെ മദ്യശാലകള്‍ അടച്ചു; ഇനി തുറന്ന് പ്രവര്‍ത്തിക്കുന്നത് 48 മണിക്കൂറിന് ശേഷം മാത്രം

Tuesday 07 April 2026 10:58 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചു പൂട്ടി. പരസ്യപ്രചാരണം അവസാനിച്ച് കൊട്ടിക്കലാശത്തിന് പിന്നാലെയാണ് മദ്യശാലകള്‍ അടച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് സംസ്ഥാനത്ത് ഡ്രൈ ഡേ ആണ്. ഈ 48 മണിക്കൂറും മദ്യ നിരോധനമായിരിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചിരുന്നു.

വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതലാണ് ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരിക. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

വോട്ടെണ്ണല്‍ ദിനമായ മെയ് നാലിനും കേരളത്തില്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ഇതു സംബന്ധിച്ച ഉത്തരവ് പിന്നീട് ഇറങ്ങും. ഡ്രൈ ഡേ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല. മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.