ഫിയാസ്റ്റോ ബാസ്കറ്റ്: കെ.എസ്.ഇ.ബി പുരുഷന്മാർക്കും വിജയത്തുടക്കം
കോഴിക്കോട് : മാനാഞ്ചിറ ഡോ. സി.ബി.സി മെമ്മോറിയൽ ബാസ്കറ്റ്ബോൾ കോർട്ടിൽ നടക്കുന്ന ഫിയാസ്റ്റോ അൻപതാം വാർഷിക അഖിലേന്ത്യാ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ കെ.എസ്.ഇ.ബി തിരുവനന്തപുരം പുരുഷ ടീമിനും വിജയത്തുടക്കം. രണ്ടാം ദിനത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ എയർഫോഴ്‌സിനെ 74-46 എന്ന സ്കോറിനാണ് കെ.എസ്.ഇ.ബി പരാജയപ്പെടുത്തിയത്.
കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ കെ.എസ്.ഇ.ബി ആദ്യ ക്വാർട്ടറിൽ 21-3 എന്ന വലിയ ലീഡ് നേടി. പകുതി സമയത്ത് 41-17 എന്ന നിലയിലായിരുന്നു സ്കോർ. കെ.എസ്.ഇ.ബിക്കായി ജെറോം പ്രിൻസ് 22 പോയിന്റുകൾ നേടി ടോപ് സ്കോററായപ്പോൾ, സെജിൻ മാത്യുവും ശരത് കൃഷ്ണയും 11 പോയിന്റുകൾ വീതം നേടി പിന്തുണ നൽകി. എയർഫോഴ്സിന് വേണ്ടി സൗരഭ് 15 പോയിന്റുകൾ നേടി.
തിങ്കളാഴ്ച രാത്രി നടന്ന ആവേശകരമായ മത്സരത്തിൽ ഇന്ത്യൻ ബാങ്ക് ചെന്നൈ 88-75 എന്ന സ്കോറിന് ഐ.സി.എഫ് ചെന്നൈയെ പരാജയപ്പെടുത്തി. ഇന്ത്യൻ ബാങ്കിന്റെ പ്രഹ്ളാദൻ 29 പോയിന്റുകൾ നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. പ്രശാന്ത് റാവത്ത് (18), ഹരിറാം (16) എന്നിവരും മികച്ച പ്രകടനം നടത്തി. ഐ.സി.എഫിനായി ഡാനിയേൽ റിച്ചാർഡ്സ് 21 പോയിന്റുകൾ നേടി.