കൊടിയിറക്കം ആടിയും പാടിയും

Wednesday 08 April 2026 12:27 AM IST
കോ​ഴി​ക്കോ​ട് ​മാ​വൂ​ർ​ ​റോ​ഡി​ൽ​ ​നോ​ർ​ത്ത് ​മ​ണ്ഡ​ലം​ ​യു.​ഡി.​എ​ഫ്,​ ​എ​ൽ.​ഡി.​എ​ഫ്,​ ​എ​ൻ.​ഡി.​എ​ ​മു​ന്ന​ണി​ക​ളു​ടെ​ ​ക​ലാ​ശ​ക്കൊ​ട്ട്. ഫോട്ടോ : കെ.​വി​ശ്വ​ജി​ത്ത്

കോഴിക്കോട്: രാഷ്ട്രീയ ഗാനങ്ങൾക്കൊപ്പം ആടിയും പാടിയും സ്ഥാനാർത്ഥികൾ, കൂടെ ചുവടുവെച്ച് പ്രവർത്തകരും. ഒരു മാസത്തിനടുത്ത് നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും​ ​വാ​ക്പോ​രു​ക​ൾ​ക്കും​ ​വി​രാ​മ​മി​ട്ട് ​നാടിനെ ഇളക്കിമറിച്ച് വണ്ടർഫുൾ ​ക​ലാ​ശ​ക്കൊ​ട്ട്.​ ​ഇ​ന്ന് ​നി​ശ​ബ്ദ​ ​പ്ര​ചാ​ര​ണം.​ ​റോഡ് ഷോയും റാലികളും ഡി.​ജെ​യും കലാപരിപാടികളുമായി നാടിനെ ഇളക്കിമറിച്ചായിരുന്നു കൊടിയിറക്കം. പതിവിൽ വിപരീതമായി അണികളുടെ ആവേശത്തിനൊപ്പം സ്ഥാനാർത്ഥികളും നൃത്തച്ചുവടുമായി സമാപന കൂട്ടപ്പൊരിച്ചിലിൽ ഇഴചേർന്നു. ഡി.ജെ.യും പാ​ര​ടി​പ്പാ​ട്ടു​ക​ളും​ ​മു​ദ്രാ​വാ​ക്യവും​ ​​ക​ലാ​ശ​ക്കൊ​ട്ടി​ൽ​ ​ആ​വേ​ശം​ ​വി​ത​റി. ജില്ലയിലെ 13 മണ്ഡലങ്ങളിലും പ്രാദേശികമായും കൊട്ടിക്കലാശം നടന്നു. മുദ്രാവാക്യങ്ങൾ വിളിച്ചും ബലൂണുകൾ പറത്തിയും നൃത്തം ചെയ്തും പ്രവർത്തകർ ജനാധിപത്യത്തിന്റെ ഉത്സവത്തിന് നിറമേകി. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാനായി അൻപതോളം കേന്ദ, സംസ്ഥാന പൊലീസ് സേനയും നിലയുറപ്പിച്ചുരുന്നു. ബാരിക്കേഡ് വച്ചും വിസിൽ മുഴക്കിയും പൊലീസ് നിയന്ത്രണം ഏറ്റെടുത്തു. ആവേശമുയർന്നതോടെ പലപ്പോഴും നിയന്ത്രണങ്ങളിൽ നിന്ന് പൊലീസിന് പിൻവാങ്ങേണ്ടി വന്നു.

ആവേശ പൂരത്തിൽ സ്ഥാനാർത്ഥികൾ

മൂന്ന് മുന്നണി സ്ഥാനാർത്ഥികളും നൂറുകണക്കിന് പ്രവർത്തകരോടൊപ്പം റാലിയായാണ് കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്. മാവൂർ റോഡായിരുന്നു കോഴിക്കോട് നോർത്ത് മണ്ഡലത്തിന്റെ കൊട്ടിക്കലാശ വേദി. നാലരയോടെ കൊടിയും തോരണങ്ങളും ചാർത്തിയ വാഹനത്തിൽ എൽ.ഡി.എഫ് പ്രവർത്തകർ ഡി.ജെയ്‌ക്കൊപ്പം ചുവടുവെച്ച് പ്രചാരണം കൊഴുപ്പിച്ചു തുടങ്ങിയിരുന്നു. തൊട്ടു പിന്നാലെ അഞ്ച് മണിയോടെ തുറന്ന വാഹനത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി നവ്യ ഹരിദാസും സംഘവുമെത്തി. ബലൂണും വർണക്കടലാസുകളും പറത്തി പ്രവർത്തകർ ആവേശമുയർത്തി. പ്രവർത്തകരെ കൈവീശിക്കാണിച്ച് വോട്ടഭ്യർത്ഥിച്ചു. അഞ്ചരയോടെ കൊടിതോരണങ്ങളാൽ അലങ്കരിച്ച തുറന്ന വാ ഹനത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ ജയന്തുമെത്തി. പ്രവർത്തകരെ കൈവീശിക്കാണിച്ച് ആഹ്ലാദം പങ്കിട്ടു. പ്രവർത്തകർ ആവേശത്തോടെ മുദ്രാവാക്യംവിളിച്ചു. ജയന്തിന് പിന്തുണയുമായി എം.കെ രാഘവനും വാഹനത്തിൽ കയറി. ഇരുവരും കൊടി വീശി ജനങ്ങളെ ആവേശഭരിതരാക്കി. ഇതിനിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രനും എത്തിയതോടെ പ്രവർത്തകർ ആവേശകൊടുമുടിയിലായി.മൂന്ന് സ്ഥാനാർത്ഥികളുമെത്തിയതോടെ ആവേശം കൊട്ടിക്കയറി. പാളയമായിരുന്നു കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ വേദി. ഇവിടേയും നൂറുകണക്കിന് ആളുകൾ ഒഴുകിയെത്തി. കൃത്യം ആറിന് പരസ്യ പ്രചാരണം അവസാനിച്ചതോടെ പ്രവർത്തകർ പിരിഞ്ഞുപോയി. സമാധാനപരമായിരുന്നു കോഴിക്കോട്ടെ കൊട്ടിക്കലാശം.